Welcome to Royal Sky Holidays
Welcome to Royal Sky Holidays

ആവേശമാകുന്ന സോളോ ട്രിപ്പുകള്‍

ഒറ്റയ്‌ക്കൊരു യാത്ര സ്വപ്‌നം കാണാത്ത പെണ്ണുങ്ങളുണ്ടോ? മഴയും വെയിലും കൊണ്ട്, കാടും മലയും കയറി ഒരു സ്വപ്‌ന യാത്ര. ഏറെ കൊതിച്ചിട്ടും ഒരിക്കലും നടക്കില്ലെന്ന തോന്നലില്‍ ആഗ്രഹം മനസ്സില്‍ കുഴിച്ചിട്ട കുറെ പെണ്ണുങ്ങളുണ്ട്.
സാമൂഹിക വ്യവസ്ഥിതിയും, സുരക്ഷ പ്രശ്‌നവും തുടങ്ങി കാരണങ്ങള്‍ പലതാകാം പലരെയും പിന്നോട്ടു വലിക്കുന്നത്. എന്നാല്‍ നമുക്കതൊന്ന് പൊളിച്ചെഴുതിയാലോ?

Solo_Trip_image2

ആത്മവിശ്വാസം മുഖ്യം

യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ആത്മവിശ്വാസത്തോടെ വേണം തയാറെടുപ്പുകള്‍ നടത്താന്‍. പോകുന്ന പ്രദേശത്തെപ്പറ്റി യാത്രയ്ക്കു മുന്‍പ് മനസ്സിലാക്കിയിരിക്കണം. നന്നായി പ്ലാന്‍ ചെയ്തു പോകുന്നതാണ് ഗുണകരം. പോകുന്ന സ്ഥലം എത്രത്തോളം സുരക്ഷിതമാണ്, കാലാവസ്ഥ അനുകൂലമാണോ, യാത്രാസൗകര്യം എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. ഇന്റര്‍നെറ്റില്‍ സെര്‍ച്ച് ചെയ്‌തോ മുന്‍പ് പോയിട്ടുള്ളവരോടു ചോദിച്ചോ അതു മനസ്സിലാക്കാം. നല്ല സൗഹൃദങ്ങളും പുതിയ അറിവുകളും വഴികാട്ടിയാകട്ടെ!

കുറച്ചു സാഹസികതയാകാം

ആദ്യ യാത്ര തന്നെ വിദേശത്തേക്കാക്കുന്ന സ്ത്രീകളുണ്ട്. ഏകാന്തത ഇഷ്ടപ്പെടുന്നവര്‍ക്ക് നന്നായി ആസ്വദിക്കാന്‍ കഴിയുന്നതാണ് സോളോ ട്രിപ്പുകള്‍. കൂട്ടുകാരുമൊത്ത് യാത്ര ചെയ്യുമ്പോള്‍ പലര്‍ക്കും പല സ്ഥലങ്ങളിലെയും കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയണമെന്നില്ല. ഒരു സ്ഥലത്തിന്റെ സംസ്‌കാരവും ചരിത്രവുമൊക്കെ നന്നായി കണ്ട് അത് മനസ്സിലാക്കി മുന്നോട്ട് പോകണമെങ്കില്‍ തനിച്ച് തന്നെ യാത്ര ചെയ്യണമെന്നാണ് പല യാത്ര പ്രേമികളും പറയാറുള്ളത്.

ചെലവ് കുറക്കാം

ഒറ്റയ്ക്കുള്ള യാത്ര വളരെ നന്നായി ചെലവിനെ പിടിച്ചു നിര്‍ത്തും. ചെലവ് കുറഞ്ഞ താമസ സൗകര്യം, ഭക്ഷണം എന്നിവ സോളോ ട്രിപ്പിന്റെ മാത്രം പ്രത്യേകതയാണ്. ഫ്‌ളൈറ്റുകള്‍, താമസ സൗകര്യങ്ങള്‍, അങ്ങനെ സാധാരണയായി ഉയര്‍ന്ന നിരക്കായിരിക്കും സീസണില്‍. സോളോ ട്രാവലില്‍ ഓഫ് സീസണാണു നല്ലത്. അപ്പോള്‍ ചെലവ് കുറയും എന്ന് മാത്രമല്ല സമാധാനത്തോടെ എല്ലാം കണ്ടു മടങ്ങാനാകും. കുറഞ്ഞ ചെലവില്‍ വിവിധ സ്ഥലങ്ങളിലെ വ്യത്യസ്ഥ തരം ഭക്ഷണ രീതികളും ആസ്വദിക്കാം.

സോളോ ട്രിപ്പില്‍ ഇവര്‍ മുന്നില്‍

ജപ്പാന്‍, ന്യൂസിലാന്റ്, സ്വിറ്റ്സര്‍ലാന്റ്, ടുസ്‌കാനി തുടങ്ങിയ സ്ഥലങ്ങളിലുള്ള മധ്യവയസ്‌കരയായ സ്ത്രീകളാണ് ഏറ്റവും കൂടുതലായി സോളോ ട്രിപ്പുകള്‍ നടത്തുന്നത്. പിരിമുറുക്കത്തില്‍ നിന്നും നിരാശയില്‍ നിന്നും രക്ഷപ്പെടാനാണ് പലരും സോളോ ട്രിപ്പുകള്‍ തെരെഞ്ഞെടുക്കുന്നത്. മാനസികമായും ശാരീരകമായും ഉന്‍മേഷം ലഭിക്കാന്‍ ഈ ഏകാന്ത യാത്രകള്‍ സഹായിക്കുന്നുണ്ട്. കുടുംബവും കുട്ടികളുമൊക്കെയായി തിരക്കു പിടിച്ച് ജീവിതം മുന്നോട്ട് നയിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ യാത്രകള്‍ നടത്തുക എന്ന സ്വപ്നം മനസ്സില്‍ തന്നെ കുഴിച്ചു മൂടുന്നു. പുതിയ തലമുറയിലെ കുട്ടികള്‍ ഇതിനെ ബ്രേക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. നല്ല ആത്മവിശ്വാസമുണ്ടെങ്കില്‍ ഏത് പ്രായത്തിലും സുഖമായി ഒരു സോളോ ട്രിപ് നടത്തി തിരികെയെത്താമെന്നാണ് അവരുടെ പക്ഷം.

Leave a Reply