Welcome to Royal Sky Holidays
Welcome to Royal Sky Holidays

ഭക്ഷണ പ്രിയർക്കായി ഒരു രാജ്യം!

ഭക്ഷണം കഴിക്കാനായി മാത്രം ഒരു രാജ്യത്തേക്ക് ടൂർ പോകാൻ അവസരം ലഭിച്ചാൽ നിങ്ങൾ ഏത് രാജ്യത്തേക്കാണ് പോകുക? ഫ്രാൻസ്? മെക്സികോ? തുർക്കി? പക്ഷെ എന്റെ മനസ്സിൽ ആദ്യം കടന്നു വരുന്നത് തായ്‌ലൻഡ് എന്ന രാജ്യമാണ്. കാണാൻ കാഴ്ചകൾ മാത്രമല്ല കഴിക്കാൻ ഒരുപാട് വിഭവങ്ങളും തായ്‌ലൻഡ് യാത്രയിൽ നിങ്ങളെ കാത്തിരിപ്പുണ്ട്.
സ്വാദിഷ്ടമായ രുചിക്കൂട്ടുകൾ കൊണ്ടും ഭക്ഷണ വൈവിദ്ധ്യം കൊണ്ടും ആഗോള പാചക മേഖലയിൽ തങ്ങളുടേതായ ഒരു സ്ഥാനം തായ് രുചികൾ നേടിയിട്ടുണ്ട്. ഫുഡ് ടൂറിസത്തിന് ലോക പ്രശസ്തമായ ഒരു രാജ്യം.

തായ്‌ലൻഡിൽ പോയാൽ എന്തൊക്കെ കഴിക്കണം? MUST TRY രുചികൾ ഏതൊക്കെ? തായ് രുചികളെ വേണമെങ്കിൽ നമുക്ക് പൊതുവെ രണ്ടായി തിരിക്കാം. വടക്ക് വനനിബിഡമായ പ്രദേശങ്ങളിൽ രൂപം കൊണ്ട പച്ചിലകളും നാട്ടുരുചികളും ചേർക്കപ്പെട്ട പാചകകൂട്ടിനാണ്പ്രിയമെങ്കിൽ തെക്ക് സമുദ്രസാമീപ്യം മൂലം സമ്പന്നമായ കടൽ വിഭവങ്ങൾക്കാണ് പ്രാധാന്യം .നല്ല തേങ്ങാപ്പാൽ ഒഴിച്ച് കൂടെ നല്ല എരുവും ചേർന്ന് പാകം ചെയ്യുന്ന തെക്കൻ മത്സ്യരുചികളും പച്ചില കൂട്ടിനൊപ്പം സൗമ്യരുചികൾ വിളമ്പുന്നതാണ് വടക്കൻ തായ് ഭക്ഷണ ക്രമം .
എങ്കിൽ ഇനി നമുക്ക് കുറച്ചു തായ് വിഭവങ്ങൾ പരിചയപ്പെട്ടാലോ?

MUST TRY FOODS IN THAILAND

ടോം യം ഗൂങ്

എരിവുള്ള ചെമ്മീൻ സൂപ്പാണ് ” ടോം യം ഗൂങ്”. തായ്‌ലാൻഡ് ടൂറിസ്റ്റുകളുടെ ഏറ്റവും favourite സീഫുഡ്. ” നാരങ്ങാപ്പുല്ല്,മുളക്, ലെമൺ ഇലകളും , ചെറിയ ഉള്ളി, നാരങ്ങാനീര്, ഫിഷ് സോസ് എന്നിവ ചെമ്മീനോടോപ്പം ചേർത്ത് തയ്യാറാക്കുന്ന ഉന്മേഷദായകമായ സൂപ്പാണിത്.
” ടോം യം ” എന്ന് പറഞ്ഞ് ഓർഡർ ചെയ്‌താൽ ചിലപ്പോൾ നമുക്ക് കണവ കൊണ്ടോ അതോ മറ്റേതെങ്കിലും മത്സ്യങ്ങൾ കൊണ്ടുള്ള സൂപ്പാണ് ലഭിക്കുക. പക്ഷെ ” ടോം യം ഗൂങ് ” എന്ന് ഓർഡർ ചെയ്താൽ നല്ല ചെമ്മീൻ സൂപ്പ് ലഭിക്കും. നല്ല വലുപ്പമുള്ള നദി ചെമ്മീനും അതിനോടൊപ്പം കൂണും അടങ്ങിയ എരിവും പുളിയുമുള്ള ഈ സൂപ്പ് ആവിയിൽ വേവിച്ച വെളുത്ത അരിയുമായി ചേർത്തുകഴിക്കുന്നതാണ് തായ്‌ലൻഡുകാർക് ഇഷ്ടം. തായ്ലാൻഡ് യാത്രയിൽ ഒരിക്കലും മിസ്സ്‌ ആക്കാൻ പാടില്ലാത്ത ഐറ്റം. MUST TRY എന്നു തന്നെ പറയാം.

മധുരമൂറും മാംഗോ സ്റ്റിക്കി റൈസ്

മധുരവും മോഹവും നിറഞ്ഞ വിഭവം. കൗ-ന്യൂ-മാ-മ്വുങ് എന്ന് തായ് ഭാഷയിൽ അറിയപ്പെടുന്ന ഐറ്റം. തായ്‌ലൻഡിൽ എത്തുന്ന ഏതൊരാളും മിസ്സ്‌ ആക്കാതെ കഴിക്കേണ്ട ഒരു വിഭവം.
മാമ്പഴം അടിസ്ഥാനമാക്കിയുള്ള ഒരു മധുരപലഹാരം ഉൾപ്പെടുത്താതെ ഒരു തായ് വിഭവങ്ങളുടെ പട്ടികയും പൂർണ്ണമാകില്ല എന്ന് വേണമെങ്കിൽ പറയാം . ഏപ്രിൽ/മെയ് മാസങ്ങളിലെ മാമ്പഴ സീസണിന്റെ കൊടുമുടിയിൽ, തായ്‌ലൻഡിലെമ്പാടുമുള്ള ഗ്രാമങ്ങൾ മാമ്പഴങ്ങളാൽ നിറയുന്നു. മാമ്പഴ സമൃദ്ധിയും വിലകുറഞ്ഞതും എല്ലാത്തരം മധുരമുള്ള വിഭവങ്ങളിലും ഉൾപ്പെടുത്താൻ എളുപ്പത്തിൽ ഈ ലഭ്യത സാധിക്കുന്നു.
മാംഗോ സ്റ്റിക്കി റൈസ് ലളിതവും എന്നാൽ രുചികരവുമായ ഒരു മധുരപലഹാരമാണ്. തദ്ദേശീയരിലും യാത്രികർക്കിടയിലും ഈ വിഭവം വളരെ ജനപ്രിയമാണ്. വിവാഹങ്ങൾ, മതപരമായ ഉത്സവങ്ങൾ തുടങ്ങിയ പ്രത്യേക അവസരങ്ങളിൽ ഇത് വിളമ്പാറുണ്ട്.
തേങ്ങാപ്പാലും പഞ്ചസാരയും ചേർത്ത് സ്റ്റിക്കി റൈസ് പാകം ചെയ്യുന്നത്, അത് ഒട്ടിപ്പിടിക്കുകയും മധുരമുള്ളതുമാകുന്നതുവരെയാണ്. സ്റ്റിക്കി റൈസിന് മുകളിൽ ചൂടോടെ തന്നെ മധുരമായ മാമ്പഴം ധാരാളം ചേർക്കുന്നു. തേങ്ങാചോറും മധുരമൂറും മാമ്പഴവും ഒത്തുചേരുമ്പോൾ ഉന്മേഷദായകവുമായ രുചിയാണ് സമ്മാനിക്കുക.ഇതിനു മുകളിൽ രുചിയേറാൻ വറുത്ത എള്ളും ചേർക്കും.അതി ഗംഭീര രുചിയാണ് മംഗോ സ്റ്റിക്കി റൈസിന്.

പാഡ് തായ്

തായ് സ്റ്റ്രീറ്റ് ഫുഡിന്റെ രാജാവ്. തായ്‌ലൻഡിൽ നിങ്ങൾക്ക് പരീക്ഷിച്ചു നോക്കാവുന്ന ഏറ്റവും പ്രശസ്തമായ വിഭവങ്ങളിൽ ഒന്നാണ് പാഡ് തായ്.
തായ്‌ലൻഡിന്റെ സിഗ്നേച്ചർ സ്ട്രീറ്റ് ഫുഡ് വിഭവം. രുചിയുടെയും രുചികൂട്ടുകളുടെയും സവിശേഷത ഈ വിഭവത്തെ ലോകമെമ്പാടും പ്രശസ്തമാക്കി. നന്നായി അരിഞ്ഞ പച്ചക്കറികളും മാംസവും ചേർത്ത് ഉണ്ടാക്കുന്ന ഒരു തരം ഫ്രൈഡ് റൈസ് നൂഡിൽസാണിത്. വറുത്തെടുത്ത നൂഡിൽസിൽ വിവിധ ഇനം സോസ് ചേർക്കുന്നു. കൂടെ ഫിഷ് സോസ്, പഞ്ചസാര, നാരങ്ങാനീര്, നിലക്കടല പൊടി എന്നിവയുടെ മിശ്രിതവും ഇതിൽ ഉൾപ്പെടുന്നു. ടോപ്പിങ്ങുകളിൽ സാധാരണയായി മുട്ട, ബീൻസ് സ്പ്രൗട്ട്സ്, നാരങ്ങ കഷ്ണങ്ങളും നിലക്കടല പൊടിച്ചതും കൊണ്ട് അലങ്കരിച്ചും ചെമ്മീൻ അല്ലെങ്കിൽ ചിക്കൻ എന്നിവ നോൺ വെജ് പോർഷനായി ചേർക്കുന്നു.പാഡ് തായ് താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുക മാത്രമല്ല, വൈവിധ്യമാർന്ന ഒരു വിഭവം കൂടിയാണ്. നിങ്ങൾക്ക് ഇത് ഒരു ലഘുഭക്ഷണമായോ ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ കഴിക്കാം. കൂടാതെ, ഒരു ഫുൾ പാഡ് തായ്ക്ക് മൂന്ന് പേരുടെ വയർ നിറക്കാൻ സാധിക്കും .

കാട്ടുവെറ്റില ഞണ്ട്കറി

കാട്ടുവെറ്റിലയുടെ എരിവും ഔഷധഗുണവും ഞണ്ടിന്റെ രുചിയുമായി സംയോജിപ്പിക്കുന്ന, തായ് പാചക പാരമ്പര്യങ്ങളിൽ നിന്നുള്ള വേറിട്ടുനിൽക്കുന്നതുമായ ഒരു വിഭവമാണ് കാട്ടു വെറ്റില ഞണ്ട് കറി. കടലിന്റെയും കാടിന്റെയു സമ്മിശ്രവിഭവം. വെറ്റിലയുടെ എരിവും നേരിയ കയ്പ്പും ചേർന്ന് ഞണ്ട് മാംസത്തിന്റെ രുചിയും.മഞ്ഞൾ, ഗാലങ്കൽ( തായ് ഇഞ്ചി ), നാരങ്ങാപ്പുല്ല്, വെളുത്തുള്ളി, ചെറിയ ഉള്ളി, ഉണക്ക മുളക് എന്നിവയുടെ മിശ്രിതം ഉൾപ്പെടുന്നതാണ് കറി. അതിൽ തേങ്ങാപ്പാലും ചേർത്ത് പാകം ചെയ്യുമ്പോൾ മൃദുലമായ ഞണ്ട് മാംസത്തിന്റെ രുചി നാവിനു ഉണർവേകും.കാട്ടു വെറ്റില ചേർക്കുന്നത് ഈ വിഭവത്തെ മറ്റ് തായ് കറികളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.തായ് വിരുന്നിൽ പലപ്പോഴും പ്രധാന വിഭവമായി വിളമ്പുന്ന ഞണ്ട് കറിക്ക് ഒപ്പം സാധാരണയായി അരിയോ നൂഡിൽസോ ആണ് ചേർത്ത് കഴിക്കുന്നത്. തായ്‌ലൻഡിൽ വന്നാൽ ട്രൈ ചെയ്യേണ്ട വിഭവം ആണിത്.

ഗായെങ് കിയോ വാൻ ഗായി

ഗ്രീൻ ചിക്കൻ കറി എന്നറിയപ്പെടുന്ന ഗായെങ് കിയോ വാൻ ഗായി സമ്പന്നമായ തായ് രുചി ഭേദങ്ങളിലെ പ്രധാനിയാണ് . പച്ചമുളക് അരച്ച പേസ്റ്റും , തേങ്ങാപ്പാൽ, ചിക്കൻ കഷണങ്ങൾ, വഴുതനങ്ങ, തുളസിയില തുടങ്ങിയ വിവിധതരം പച്ചക്കറികൾ എന്നിവ ഉപയോഗിച്ചാണ് ഈ ഉജ്ജ്വലമായ വിഭവം നിർമ്മിച്ചിരിക്കുന്നത്.പച്ചമുളക്, നാരങ്ങാപ്പുല്ല്, എന്നിവ ഉപയോഗിച്ച് തയ്യാറാക്കിയ ഗ്രീൻ കറി പേസ്റ്റ് കറിക്ക് അതിന്റെ തനതായ നിറവും എരിവും സുഗന്ധവുമുള്ള രുചി നൽകുന്നു.നല്ല ചൂട് ചോറിന്റെ കൂടെയോ റൊട്ടിയുടെ കൂടെയോ കഴിക്കാം. തായ് പാചകരീതിയുടെ സത്ത ഉൾക്കൊള്ളുന്ന ഗായെങ് കിയോ വാൻ ഗായി, നമ്മൾ ഇന്ത്യക്കാർക്ക് ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയമില്ല.

സോം ടാം

2011-ൽ സി.എൻ.എൻ ലോകത്തിലെ ഏറ്റവും രുചികരമായ 50 വിഭവങ്ങളുടെ ഒരു പട്ടിക തയ്യാറാക്കി, അതിലൊന്നാണ് സോം ടാം എന്ന തായ് സാലഡ്. പച്ച പപ്പായ സാലഡ് എന്നും ഈ വിഭവം അറിയപ്പെടുന്നു. തായ്‌ലൻഡിലെ ഏറ്റവും ജനപ്രിയമായ സാലഡാണിത്. വെളുത്തുള്ളി, ഉണക്കിയ ചെമ്മീൻ, ഉപ്പിട്ട ഞണ്ടുകൾ, തക്കാളി കഷ്ണങ്ങൾ, ബീൻസ്, എരിവുള്ള പ്ലംസ്,വഴുതനങ്ങ എന്നിവയാണ് ഈ പരമ്പരാഗത തായ് വിഭവം ഉണ്ടാക്കുന്നതിനുള്ള ചേരുവകൾ. വളരെ ഹെൽത്തി ആയ ലഘുഭക്ഷണമാണ് ഇത്.നിങ്ങളുടെ നാവിൽ കപ്പലോടിക്കാൻ ഈ കപ്പക്ക സാലഡിന് സാധിക്കും.

ഖാനോം ക്രോക്ക് ( കോക്കനട്ട് റൈസ് പാൻകേക്ക് )

തായ്‌ലൻഡിലെ തെരുവുകളിൽ കാണപ്പെടുന്ന രുചികരമായ ഒരു ലഘുഭക്ഷണമാണ് ഖാനോം ക്രോക്ക് അഥവാ
തായ് കോക്കനട്ട് റൈസ് പാൻകേക്ക് . അരിപ്പൊടി, തേങ്ങാപ്പാൽ, പഞ്ചസാര എന്നിവയുടെ മിശ്രിതം കൊണ്ടാണ് ഈ ചെറുതും കടിച്ചെടുക്കാവുന്നതുമായ പാൻകേക്കുകൾ നിർമ്മിക്കുന്നത്. പുറത്ത് ക്രിസ്പിയും അകത്ത് മൃദുവും ക്രീമിയുമുള്ള ഒരു മധുരപലഹാരം. ചോളം, പച്ച ഉള്ളി, അല്ലെങ്കിൽ മത്തങ്ങ കഷണങ്ങൾ പോലുള്ള ടോപ്പിംഗുകൾക്കൊപ്പം വിളമ്പുന്ന ഈ പാൻകേക്കുകൾ ഏവരുടെയും മനം കവരും.

തായ് സ്പെഷ്യൽ ഐസ്ഡ് ടീ

ഇനി ഒരു ചായ കുടിച്ചാലോ? നമുടെ പ്രിയപ്പെട്ട ചായക്ക് പോലും ഇവിടത്തുകാർ രുചി ഭേദം കൊണ്ടു വന്നിട്ടുണ്ട്.തായ് ഐസ്ഡ് ടീ യാണ് ചായകളിൽ രാജാവ്.കട്ടൻ ചായ, പഞ്ചസാര, പാൽ എന്നിവയുടെ മിശ്രിതം ഐസ് ചേർത്ത്, പകർന്നു നൽകുന്ന മധുരവും ക്രീമിയുമുള്ള തായ് ഐസ്ഡ് ചായ. ഉന്മേഷദായകവും കഫീൻ റിച്ചുമായ ഒരു സ്പെഷ്യൽ ട്രീറ്റാണ് സമ്മാനിക്കുക. ശരീരവും മനസ്സും തണുപ്പിക്കാനും തായ് മധുരത്തിന്റെ ഒരു സ്പർശം ആസ്വദിക്കാനും പറ്റിയ ഡ്രിങ്ക്.

ദുരിയൻ

കണ്ടാൽ നമ്മുടെ നാട്ടിൽ കിട്ടുന്ന ഇടിച്ചക്ക പോലെയിരിക്കും. പക്ഷെ ചക്കയല്ല. അകത്തു നീളൻ വലുപ്പം കൂടിയ ചുള കാണും. തായ്ലാൻഡിൽ വന്നിട്ട് ഒഴിവാക്കാൻ പാടില്ലാത്ത ഫ്രൂട്ട് ആണ് ദുരിയൻ. ഇന്ന് നമ്മുടെ നാട്ടിലെ പല സൂപ്പർ മാർക്കറ്റിലും ദുരിയൻ ലഭ്യമാണ്. എങ്കിലും തായ്ലാൻഡിൽ വിളഞ്ഞ ദുരിയനു രുചിയേറും.
മൂർച്ചയുള്ള പുറം തോടും രൂക്ഷഗന്ധവും കൊണ്ട് കുപ്രസിദ്ധി നേടിയ പഴമാണ് ഇത്.ചക്കപ്പഴത്തിന്റെ രുചിയോടൊപ്പം രൂക്ഷമായ വെളുത്തുള്ളിയുടെ ഗന്ധവും ഒത്തുചേർന്നാൽ ദുരിയന്റെ ടേസ്റ്റ് ആയി.
പഴങ്ങളുടെ ലോകത്ത് ദുരിയൻ കിങ് ഓഫ് ഫ്രൂട്ട് എന്ന് കൂടെ അറിയപ്പെടുന്നു. പോഷകസമൃദ്ധിയിൽ ദുരിയൻ ഒരു കേമനാണ്. ഒരുപാട് വിറ്റാമിനുകളുടെ കലവറ.കട്ടിയുള്ള പുറം തോട് അടർത്തി നോക്കിയാൽ അതിനെ ക്രീം നിറത്തിലുള്ളതുമായ ഒരു മാംസളഭാഗം കാണപ്പെടും. ചിലർക്ക് വളരെ പ്രിയപ്പെട്ടതും മറ്റുള്ളവർക്ക് അരോജകവുമായ ഒരു രുചിയാണ് ഈ പഴത്തിന്റെ എന്നതാണ് വിരോധാഭാസം.

ബാൻ മി (Thai-Style Sandwich)
തായ്‌ലൻഡിന്റെ തെരുവുകളിൽ ജനപ്രിയമായ ഒരു ഫാസ്റ്റ് ഫുഡാണ് ബാൻ മി. ഫ്രഞ്ച് ബാഗെറ്റിൽ (ബ്രെഡ്), ഗ്രിൽ ചെയ്ത പോർക്ക്/ചിക്കൻ, അല്ലെങ്കിൽ പച്ചക്കറികൾ, കുക്കുമ്പർ, കാരറ്റ്, കൊത്തമല്ലി, മുളക്, മയോണൈസ്, ഫിഷ് സോസ് എന്നിവ നിറച്ചാണ് ഈ സാൻഡ്‌വിച്ച് ഉണ്ടാക്കുന്നത്. ലഘുവായി ടോസ്റ്റ് ചെയ്ത ബ്രെഡിന്റെ ക്രിസ്പി ടെക്സ്ചറും രുചികളുടെ മിശ്രണവും ഒരു യാത്രയ്ക്കിടയിലെ ലഘുഭക്ഷണത്തിന് അനുയോജ്യമാണ്.

തോട് മാൻ പ്ലാ (Fried Fish Cakes)

ചെമ്മീൻ പേസ്റ്റ്, മത്സ്യം, കഫിർ ലൈം ഇലകൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഈ ഫിഷ് കേക്കുകൾ, തെരുവ് ഭക്ഷണ കടകളിൽ ജനപ്രിയമാണ്. ചെറുതായി വറുത്തെടുത്ത്, മധുരമുള്ള മുളക് സോസിനൊപ്പം വിളമ്പുന്നു. എരിവും മധുരവും ചേർന്ന ഈ വിഭവം ഒരു ലഘുഭക്ഷണമായി അനുയോജ്യമാണ്.

തായ്‌ലൻഡിന്റെ പാചക ലോകം ഒരു അത്ഭുതമാണ്! ഓരോ തെരുവിലും, ഓരോ രുചിയിടങ്ങളിലും പുതിയ അനുഭവങ്ങൾ, പുതിയ സ്വാദുകൾ… സോം ടാം മുതൽ പാഡ് തായ് വരെ, ടോം യം സൂപ്പ് മുതൽ മാംസവ്യഞ്ജനങ്ങൾ വരെ— ഇത് നേരിട്ട് അനുഭവിക്കേണ്ട രുചികളുടെ ഉത്സവമാണ്.ഈ വിഭവങ്ങളിൽ ഏതാണ് നിങ്ങളുടെ തായ്‌ലൻഡ് യാത്രയിൽ കഴിക്കാൻ ആഗ്രഹിക്കുന്നത്? നിങ്ങൾക്ക് ഇഷ്ടപ്പെട്ട തായ് ഭക്ഷണം ഏതാണ്?രുചികൾ പറഞ്ഞറിയുന്നതിനേക്കാൾ, തായ്‌ലൻഡിന്റെ തെരുവുകളിൽ നേരിട്ട് ആസ്വദിക്കുക! വിഭവങ്ങളെക്കുറിച്ച് വായിച്ചല്ല, നടത്തുന്ന യാത്രയിൽ നേരിട്ട് അനുഭവിക്കുക… തായ്‌ലൻഡിന്റെ രുചി മായാജാലം ഒരുമിച്ച് ആസ്വദിക്കാം, റോയൽ സ്‌കൈ ഹോളിഡേയ്‌സിനൊപ്പം.

Leave a Reply