യാത്രയെ സ്നേഹിക്കുന്നവർ ഉറ്റു നോക്കുന്ന ചില ഇടങ്ങളുണ്ട്. അവിടത്തെ ഓരോ ചലനങ്ങളും പരിഷ്കാരങ്ങളും ഏറെക്കുറേ സഞ്ചാരികളെ ആവേശഭരിതരാക്കും. അതുപോലൊരു പുത്തൻ പരിഷ്കരണത്തിന് ഒരുങ്ങുകയാണ് തായ്‌ലൻഡ്.
Thailand Visa Exemption New Rule 2024
ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായി രണ്ട് മാസം കാലാവധിയുള്ള വിസ രഹിത പ്രവേശനം തായ്ലൻഡ് പ്രഖ്യാപിച്ചു. 93 രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കായാണ് തായ്ലൻഡ് ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. അതോടൊപ്പം അഞ്ച് വർഷം വരെ കാലാവധിയുള്ള ഡസ്റ്റിനേഷൻ-ഡിജിറ്റൽ നൊമാഡ് വിസകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓൺലൈൻ ജോലികൾ ചെയ്യുന്നവരെയും വിദ്യാർഥികളെയും ജോലികളിൽ നിന്ന് വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവെയും ലക്ഷ്യമിട്ടാണ് തായ്ലൻഡിന്റെ പുതിയ പദ്ധതി. ഈ വിഭാഗങ്ങളിൽ ഉൾപ്പെട്ട സഞ്ചാരികളാണ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ദീർഘകാലം താമസിക്കുക എന്നതിനാലാണിത്. അടുത്ത മാസം മുതലാണ് പദ്ധതി യാഥാർഥ്യമാകുക.
അതോടൊപ്പം തന്നെ ഓൺലൈനായി ജോലികൾ ചെയ്യുന്ന ടൂറിസ്റ്റുകൾക്കായി 180 ദിവസം കാലാവധിയുള്ള വിസ നൽകാനും തായ്ലൻഡിന് പദ്ധതിയുണ്ട്. 180 ദിവസം പിന്നിട്ടാൽ ഇത് വീണ്ടും നീട്ടി നൽകും. ഇത്തരത്തിൽ അഞ്ച് വർഷം വരെ വിദേശികൾക്ക് ഓൺലൈനായി ജോലി ചെയ്ത് തായ്ലൻഡിൽ താമസിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിജിറ്റൽ നൊമാഡ് വിസ എന്നറിയപ്പെടുന്ന ഇതിന് സമാനമായ വിസകൾ ജപ്പാനും ഇറ്റലിയുമെല്ലാം പുറത്തിറക്കിയിരുന്നു.
2023 ൽ മാത്രം രണ്ടരക്കോടി വിദേശ വിനോദസഞ്ചാരികളാണ് തായ്ലൻഡിൽ എത്തിയത്. പുതിയ പദ്ധതികളിലൂടെ ഇത് മൂന്ന് കോടിയലധികമാക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.തായ്ലൻഡിന്റെ ആകെ ജിഡിപിയുടെ 20% നൽകുന്നത് ടൂറിസം മേഖലയാണ്.
തായ് രാജകുടുംബത്തിന്റെ മുൻവസതിയായ ബാങ്കോക്കിലെ ഗ്രാൻഡ് പാലസ്, പട്ടായ,ഫുക്കറ്റ്, ചിയാങ് മായ് ദേശീയോദ്യാനം, മഴക്കാടുകൾ, കോട്ടകൾ, ബീച്ചുകൾ തുടങ്ങി നിരവധി ആകർഷണങ്ങൾ കൊണ്ട് അനുഗ്രഹീതമാണ് രാജ്യം.