തമിഴ് സൂപ്പർ സ്റ്റാർ ശരത് കുമാറിന്റെ മകൾ വരലക്ഷ്മിയുടെ തായ്ലൻഡ് ഡെസ്റ്റിനേഷൻ വെഡിങ് ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇതുവരെയും ചിത്രങ്ങൾ പുറത്തു വിട്ടിട്ടില്ല. മനോഹര തീരത്ത് വെച്ച് രാജകുമാരിയെ സ്വന്തമാക്കുന്ന രാജകുമാരൻ. മുത്തശ്ശി കഥയിലെ ആ ഭാവന സങ്കല്പം തന്നെയാണ് ആരാധകർ കാത്തിരിക്കുന്ന സൂപ്പർ താരത്തിന്റെ ഡെസ്റ്റിനേഷൻ വെഡിങ്ങിന്റെയും ഹൈലൈറ്റ്.
തായ്‌ലൻഡിൽ ഒരു ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്!
കടലിന്‍റെ തീരത്ത്, തിരമാലകളെ സാക്ഷിയാക്കി, പ്രകൃതിയുടെ പരിലാളനയില്‍ ലളിതമെന്നു തോന്നിക്കുന്ന ഒരു ആഢംബര വിവാഹം. എങ്ങനെയുണ്ടാവും?
കൃത്യമായ ബജറ്റ് പ്ലാനിങ്ങും മികച്ച ഐഡിയയുമുണ്ടെങ്കിൽ ആർക്കും മനോഹരമായ ഒരു ഡെസ്റ്റിനേഷൻ വെഡിംഗ് തായ്‌ലൻഡിൽ പ്ലാൻ ചെയ്യാം. ലോകമെമ്പാടുമുള്ള പ്രണയിതാകൾക്ക് വേണ്ടി വിവാഹ വേദിയൊരുക്കുകയാണ് ഇപ്പോൾ തായ്‌ലൻഡ്.
പല കാരണങ്ങൾകൊണ്ട് ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡിംഗിൽ തായ്‌ലൻഡ് ഒന്നാം സ്ഥാനത്താണ്. വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന താരതമ്യേന ചെലവ് കുറഞ്ഞ ആഡംബര സൗകര്യങ്ങൾ ലഭ്യമാകുന്ന അതി മനോഹര ഇടം . ബീച്ച് വിവാഹങ്ങളാണ് തായ്‌ലൻഡിനെ ഈ ഗണത്തിൽ പ്രശസ്തിയിലേക്ക് എത്തിച്ചിരിക്കുന്നത്.
ബാങ്കോക്ക് പോലെയുള്ള കളർഫുൾ ആർഭാട നഗരങ്ങളും ഫൂക്കറ്റ്, കോ സാമുയി തുടങ്ങിയ ശാന്ത സുന്ദര ദ്വീപുകളും ഇന്ത്യൻ വിവാഹങ്ങൾക്ക് വൈവിധ്യമാർന്ന വേദികൾ ഒരുക്കുന്നു.
പരമ്പരാഗത ഇന്ത്യൻ വിവാഹമാണെങ്കിൽ പോലും ആഡംബര റിസോർട്ടിലെ ചടങ്ങുകൾ ദമ്പതികൾക്ക് ഇന്ത്യൻ, തായ് ആചാരങ്ങൾ സമന്വയിപ്പിക്കുന്ന അതുല്യമായ അനുഭവം സമ്മാനിക്കുന്നു.
ഹുവ ഹിൻ, ഫുക്കറ്റ്, ബാങ്കോക്ക്, ചിയാങ് മായ്, പട്ടായ, കോ സാമുയി, ക്രാബി തുടങ്ങിയവയെല്ലാം അവിടത്തെ അതിമനോഹര വെഡിംഗ് ഡെസ്റ്റിനേഷനുകളാണ്.
രാജ്യം ട്രെൻഡിനൊപ്പം
പുതിയ കാലത്തെ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങുകള്‍ ഒന്നിനൊന്ന് വ്യത്യസ്തമാക്കുവാനാണ് എല്ലാവരും ശ്രമിക്കുന്നത്. അത്തരത്തിൽ നിരവധി സാധ്യതകളുമായി കുടുംബങ്ങളെയും ഇന്ത്യന്‍ വെഡ്ഡിങ് പ്ലാനേഴ്സിനെയും സ്വാഗതം ചെയ്യുകയാണ് രാജ്യം.
തീം വെഡ്ഡിങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ പ്രതീക്ഷയിലാണ് നേതൃത്വവും.
കടല്‍ത്തീരത്തെ വിവാഹങ്ങള്‍ എന്ന മനോഹര ആശയമാണ് വെഡ്ഡിങ് പ്ലാനേഴ്സിനെ ഇവിടേക്ക് ആകർഷിക്കുന്നത്. കടലിന്‍റെ പശ്ചാത്തലത്തില്‍ ആഢംബരം തോന്നിക്കുന്ന, അതേസമയം മറ്റു പലയിടങ്ങളെയും അപേക്ഷിച്ച് കുറഞ്ഞ ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ഇവിടെ നടത്തുവാന്‍ സാധിക്കും. കടലിന്റെ സംഗീതവും പ്രകൃതിമനോഹരമായ കാഴ്ചകളും അധിക ബോണസ് പോയിന്‍റുകളാണ്.
കടൽത്തീരത്ത് നടക്കുന്ന ആഘോഷങ്ങൾ പ്രത്യേകിച്ച് ബീച്ച് ഡെസ്റ്റിനേഷൻ വെഡിംഗുകളുടെ റൊമാൻസ് ഒന്നു വേറെ തന്നെയാണ്. ഡെസ്റ്റിനേഷൻ വെഡിംഗ് എന്ന് കേൾക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ഓടിയെത്തുക ഹൃദയം സിനിമയിലെ നായകന്റെയും നായികയുടെയും വിവാഹനിഷങ്ങളാണ്.
ക്രിക്കറ്റിലെ സൂപ്പർ താരം വിരാട് കോലിയും ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമയും ഇറ്റലിയിലെ ടസ്കനിയിൽവെച്ചു വിവാഹിതരായതും ഇന്ത്യൻ മീഡിയ ഏറ്റവും ആഘോഷിച്ച ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളിലൊന്നായിരുന്നു.