മൂന്നാർ രാജമലയിലെ നീലക്കുറിഞ്ഞിക്ക് സമാനമായി ഇടുക്കി മലയിടുക്കുകളിലും നീലകുറിഞ്ഞി വസന്തം. ഇടുക്കി പീരുമേട്ടിലെ പരുന്തും പാറയിലും കട്ടപ്പന കല്യാണത്തണ്ട് മലനിരകളിലുമാണ് നീല വസന്തം യാത്ര പ്രേമികളുടെ മനം നിറയ്ക്കുന്നത്.
ഇൻസ്റ്റഗ്രാമിലും ഫേസ് ബുക്കിലും ഉൾപ്പെടെ സോഷ്യൽ മീഡിയയിൽ കുറിഞ്ഞി വസന്തം പടർന്നതോടെ കാഴ്ചക്കാരുടെ എണ്ണം അനുദിനം വർധിക്കുകയാണ്. തുടക്കത്തിൽ അങ്ങിങ്ങായി ചെറിയ തോതിൽ കണ്ട പൂക്കൾ തുടർച്ചയായ മഴയോടെ വ്യാപിച്ചു.
വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ് പരുന്തും പാറ. അതിന് നേരെ എതിർവശമായാണ് നീലകുറിഞ്ഞി പൂത്തു പടർന്ന് നിൽക്കുന്നത്.
പശ്ചിമ ഘട്ടങ്ങളുടെ ഉയര്‍ന്ന പ്രദേശങ്ങളായ പുല്‍മേടുകളിലും ഷോലക്കാടുകളിലും കാണപ്പെടുന്ന ഒരു പുഷ്പിത സസ്യമാണ് നീല കുറിഞ്ഞി. വിടർന്നാൽ സാധാരണ ഒന്നോ രണ്ടോ മാസം ഈ പൂവ് വാടാതെ നിൽക്കും. കേരളത്തിലെ നിലവിലെ കാലാവസ്ഥയിൽ കൂടുതൽ കാലം പൂത്തു നിൽക്കുമെന്നാണ് പ്രതീക്ഷ.
സംരക്ഷിത സസ്യങ്ങളുടെ പട്ടികയിൽ കേന്ദ്രസർക്കാർ നീലക്കുറിഞ്ഞിയെ ഉൾപ്പെടുത്തിയത് കഴിഞ്ഞ വർഷമാണ്. കുറിഞ്ഞി വിഭാഗത്തില്‍ 40-ഓളം സസ്യ ഇനങ്ങള്‍ ഉണ്ടെങ്കിലും സ്‌ട്രൊബിലാന്തസ് കുന്തിയാന എന്നു വിളിക്കുന്ന നീലക്കുറിഞ്ഞിയാണ് സമൃദ്ധവും ഏറ്റവും പ്രശസ്തവും. പന്ത്രണ്ടു വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന ഈ കുറ്റിച്ചെടി മൂന്നാര്‍ മലനിരകളുടെ പ്രതീകമായി കഴിഞ്ഞു.
നീലക്കുറിഞ്ഞി ചെടി പറിച്ചെടുക്കുന്നത് 25000 രൂപ പിഴയും മൂന്നുവർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. മറ്റേതെങ്കിലും സ്ഥലങ്ങളിലും നീലക്കുറിഞ്ഞി നട്ടുവളർത്താൻ അനുവാദവുമില്ല.