യൂറോപ്പിന്റെ ഗ്രാമീണ സൗന്ദര്യം ലോകത്തിനു മുന്നിൽ അത്ഭുതമാക്കിയ ലിച്ചെൻസ്റ്റൈൻ.
കേവലം 25 കിലോമീറ്റര്‍ നീളവും ആറ് കിലോമീറ്റര്‍ വീതിയിലുമായി ആല്‍പ്സ് പര്‍വതനിരയ്ക്കിടയില്‍ മാത്രമായി ഒതുങ്ങുന്ന യൂറോപ്പിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന കുഞ്ഞൻ രാജ്യം.
യൂറോപ്പിലെ നാലാമത്തെ ചെറുതും ലോകത്തെ ആറാമത്തെ ചെറുതുമായ രാജ്യത്തിന് സ്വന്തം പട്ടാളമില്ല. കറൻസിയില്ല എന്തിന് സ്വന്തമായി ഭാഷ പോലുമില്ല.
രാജ്യത്തിന്റെ ആകെ വിസ്തീര്‍ണ്ണം വെറും 62 ചതുരശ്രകിലോമീറ്ററാണ്. മുപ്പത്തി എണ്ണായിരത്തോളമാണ് ഏകദേശ ജനസംഖ്യ. അതിൽ 70 ശതമാനത്തിൽ അധികവും കുടിയേറ്റക്കാരാണ്.
വിശുദ്ധ റോമാ സാമ്രാജ്യത്തിന്റെ അവശേഷിക്കുന്ന അവസാന ഭാഗം കൂടിയാണ് ലിക്റ്റൻസ്റ്റൈൻ.
വളരെ ചെറിയ ഈ യൂറോപ്യന്‍ രാജ്യം സ്വിറ്റ്സര്‍ലന്‍ഡിനും ഓസ്ട്രിയക്കും ഇടയിലായാണ് സ്ഥിതി ചെയ്യുന്നത്. സ്വിറ്റ്സര്‍ലന്‍ഡുമായി അതിര്‍ത്തിയോ അതിര്‍ത്തി നിയന്ത്രണങ്ങളോ ഇവിടെ ഇല്ല. സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ലിച്ചെൻസ്റ്റൈനിലേക്ക് വരുമ്പോള്‍ പാസ്പോര്‍ട്ട് കാണിക്കുക തുടങ്ങിയ സാധാരണ നടപടികളൊന്നും ഇവിടെയില്ല.
സ്വിറ്റ്സര്‍ലന്‍ഡിലെ ജര്‍മ്മന്‍ ഭാഷയോട് സാദൃശ്യമുള്ള ഭാഷയാണ് ലിച്ചന്‍സ്റ്റൈനില്‍ ഉപയോഗിക്കുന്നത്.
സ്വിറ്റ്സര്‍ലാന്‍ഡുമായി വളരെയധികം വാണിജ്യപരവും നയപരവുമായ ബന്ധങ്ങള്‍ ലിച്ചെൻസ്റ്റൈൻനുണ്ട്. സ്വിസ്-ഫ്രാന്‍സ് ഔദ്യോഗിക കറന്‍സിയായി ഉപയോഗിക്കുന്ന ലോകത്തിലെ രണ്ടേ രണ്ടു രാജ്യങ്ങള്‍ സ്വിറ്റ്സര്‍ലന്‍ഡും ലിച്ചെൻസ്റ്റൈൻനുമാണ്. ടൂറിസ്റ്റ് വിസ വഴി രാജ്യത്ത് പ്രവേശിക്കുവാന്‍ ഷെങ്കന്‍ നിയമങ്ങളാണ് ഇരു രാജ്യങ്ങളും പിന്തുടരുന്നത്. എയർപോർട്ടും എംബസിയുമില്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യം. കുറ്റകൃത്യങ്ങൾ തീരെ കുറവ്. 120 കിലോമീറ്റര്‍ അകലെയുള്ള സൂറിച്ച് വിമാനത്താവളമാണ് പ്രദേശവാസികള്‍ കൂടുതലും ആശ്രയിക്കുന്നത്.
നികുതി നിരക്കുകള്‍ കുറവായതിനാല്‍ നിരവധി കമ്പനികൾ ലിച്ചെൻസ്റ്റൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലോകത്തിലെ 20% കൃത്രിമ ദന്തവും ലിച്ചെൻസ്റ്റൈനിലാണ് നിര്‍മ്മിക്കുന്നത്.
ഒരു ലക്ഷത്തില്‍ താഴെ മാത്രമാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്ന സഞ്ചാരികളുടെ എണ്ണം. വളരെ കുറച്ച് വിസ്തൃതി മാത്രമുള്ള രാജ്യമായതിനാല്‍ പരമാവധി രണ്ടു ദിവസം കൊണ്ടു രാജ്യം മുഴുവൻ കണ്ടു തീര്‍ക്കാം.