ഏതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കാം?എന്തൊക്കെയുണ്ട് കാണാൻ? നമുക്ക് ഒന്ന് നോക്കിയാലോ…
ഇന്തോനേഷ്യയിലെ 17,000 ദ്വീപുകളില്‍ ഒന്നാണ് ബാലി . കേരളത്തിന്റെ ഏഴിലൊന്ന് വിസ്തൃതി മാത്രം. ലോകത്തേറ്റവുമധികം സഞ്ചാരികളെത്തുന്ന പ്രദേശങ്ങളിലൊന്നായി
ഇന്ന് ഇന്ത്യൻ മഹാസമുദ്രത്തിലെ ഈ കൊച്ചു ദ്വീപ് മാറിക്കഴിഞ്ഞു .
പ്രകൃതിസ്നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെയുള്ള എല്ലാത്തരം യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കാത്തുവെച്ചിട്ടുണ്ട് ഈ ട്രോപിക്കൽ പറുദീസ. മലയാളികളുടെ ഇഷ്ട ഹണിമൂണ്‍ ഡെസ്റ്റിനേഷനായി ഇന്ന് ബാലി മാറിയിരിക്കുന്നു. മെയിൻ ലാൻഡിൽ നിന്നും ഒറ്റപ്പെട്ടു നിൽക്കുന്ന ഭൂപ്രകൃതിയായതിനാൽ ഇന്തോനേഷ്യയിലെ മറ്റ് ദ്വീപുകളിൽ വ്യത്യസ്തമായ ജീവിത ശൈലിയാണ് ഈ ദേശത്തിന്. നൂറ്റാണ്ടുകൾക്ക് മുൻപ് കടൽ കടന്ന് എത്തിയ ഇന്ത്യയിൽ നിന്നുള്ള സന്ന്യാസിമാരാണ് ബാലിയൻ സംസ്കാരത്തിന്റെ പ്രചാരകരെന്ന് കരുതുന്നു. ദ്വീപിനെ കുറിച്ച് ചെറിയൊരു ധാരണ കിട്ടിയില്ലേ? ഇനി വിസ പ്രോസ്സസ് നോക്കിയാലോ?
വിസ
നമുക്ക് എങ്ങനെ ബാലിയിലേക്ക് വിസ എടുക്കാം? ഇന്ത്യക്കാര്‍ക്ക് ഓൺ അറൈവൽ വിസ വഴി സന്ദര്‍ശിക്കാവുന്ന രാജ്യമാണ് ഇൻഡോനേഷ്യ. വിരൽ തുമ്പത്താണ് വിസ. ഇന്ത്യമായി വളരെ അടുത്ത് നിൽക്കുന്ന ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ.അതുകൊണ്ട് തന്നെ ഒരു ഇന്റർനാഷണൽ ഡെസ്റ്റിനേഷൻ ടൂർ ചിന്തിക്കുന്നവരുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്ന രാജ്യങ്ങളിൽ ഒന്ന് ഇത് തന്നെ. ഒരേ സമയം ബഡ്ജറ്റ് ഫ്രണ്ട്‌ലിയും അന്തരാഷ്ട്ര ടൂറിസ്റ്റ് അനുഭൂതിയും അടുത്ത് അറിയാൻ പറ്റിയ രാജ്യം.
പ്രശസ്തമായ സ്ഥലങ്ങൾ ഏതൊക്കെയാണ്?
ഉബുദ്
ബാലിയുടെ ആത്മീയഭൂമി എന്നാണ് ഉബുദ് അറിയപ്പെടുന്നത്. ബാലിയിലെത്തുന്ന വിനോദസഞ്ചാരികളുടെ പ്രിയ സ്ഥലം. പൗരാണിക ക്ഷേത്രങ്ങൾക്കും കലാ പാരമ്പര്യത്തിനും പൈതൃകത്തിനും പ്രശസ്തമായ ഇടം. നെൽപ്പാടങ്ങളും മലകളും താഴ്വാരങ്ങളും വെള്ളച്ചാട്ടങ്ങളുമൊക്കെയായി അതിമനോഹരമായ ഭൂപ്രദേശം . നിരവധി ആർട്ട് മ്യൂസിയങ്ങളും യോഗ സ്റ്റുഡിയോകളും ഉൾപ്പെട്ട ഇവിടം കൾച്ചറൽ ടൂറിസത്തിന്റെ പറുദീസയായി മാറുന്നു. ബാലിയിലെ ഏറ്റവും വലിയ നദിയായ ആയുങ് ഉബുദിലാണ് സ്ഥിതി ചെയ്യുന്നത്. വൈറ്റ് ആയുങ്ങ് നദിയിലെ റാഫ്റ്റിങ് ഏറെ ജനപ്രിയമാണ്. ഒരു ചങ്ങാട ബോട്ടില്‍, സഞ്ചാരികളെ നദിക്ക് മുകളിലൂടെ കിലോമീറ്ററിലധികം കൊണ്ടുപോകുന്ന ആവേശം തുളുമ്പുന്ന റൈഡാണ് ഇതിന്റെ പ്രത്യേകത. മിനി ബാലി എന്നറിയപ്പെടുന്ന ഉബുദ്, നിങ്ങളുടെ ബാലി യാത്രയിൽ ഒരിക്കലും മിസ്സ് ആക്കാതെ സന്ദർശിക്കേണ്ട ഇടമാണ്.
കിന്റമണി അഗ്നിപർവ്വതം (ബത്തൂർ പര്‍വ്വതം )
ബാലി ദ്വീപിലെ അഗുങ് പർവ്വതത്തിന് വടക്ക് – പടിഞ്ഞാറ് ഭാഗത്തായി കാൽഡെറകളുടെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു സജീവ അഗ്നിപർവതമാണ് കിന്റമണി അഗ്നിപർവ്വതമെന്നു അറിയപ്പെടുന്ന മൗണ്ട് ബത്തൂർ. 13 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പർവ്വതം, കാൽഡെറയുടെ വലിയൊരു ഭാഗം മുഴുവനും പരന്നു കിടക്കുന്നു. ഫാമിലി യാത്രികരുടെ ഇഷ്ട ഭൂമിക. കൂടെ പർവ്വതത്തിന് കീഴിലുള്ള അതി മനോഹരമായ തടാകം അതി മനോഹരമായ ദൃശ്യാനുഭവം സന്ദർശകർക്ക് ആസ്വാദ്യമേകും.
ടനാ ലോട്ട്
ബാലിയുടെ സാംസ്കാരിക പാരമ്പര്യത്തിന്‍റെ അടയാളമായാണ് ക്ഷേത്രങ്ങളെ കണക്കാക്കപ്പെടുന്നത്.ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും നാട് എന്നും ഈ കൊച്ചു ദ്വീപ് അറിയപ്പെട്ടുന്നുണ്ട്. ബാലിയാത്രയ്ക്കിടെ ക്ഷേത്രസന്ദർശനം ഒരിക്കലും മുടക്കരുത്.
കടലിൽ ഉയർന്നുനിൽക്കുന്ന വലിയൊരു പാറയിൽ ശിരസ്സുയർത്തി നിൽക്കുന്ന പ്രാചീനക്ഷേത്രമാണ് ടനാ ലോട്ട്. പല ബാലി ടൂർ ബ്രോഷറുകളുടെ മുൻ കവറിൽ നിങ്ങൾ ഈ ക്ഷേത്രത്തിന്റെ ചിത്രം കണ്ടിരിക്കാം.
പൗരാണിക വാസ്തുശില്പവൈഭവത്തിന്റെ അടയാളമായ ക്ഷേത്രസമുച്ചയം. തലസ്ഥാനനഗരമായ ഡെൻപസാറിൽനിന്ന് 20 കിലോമീറ്റർ അകലെയാണിത്. നൂറ്റാണ്ടുകളുടെ തിരയടി പാറക്കൂട്ടങ്ങളിൽ തീർത്ത അടയാളങ്ങൾ പ്രകൃതിയുടെ കൊത്ത് പണിയായി മാറുന്നു.വേലിയിറക്കമുള്ളപ്പോൾ ക്ഷേത്രത്തിലേക്ക് കടൽ തീരത്ത് നിന്നും നടന്നു പോകാം. വേലിയേറ്റമുള്ളപ്പോൾ വഞ്ചിയെ ആശ്രയിക്കണം. ബാലിയുടെ പൗരാണിക പ്രതീകമെന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്.
ടർട്ടിൽ ഐലൻഡ്
ആമകൾക്ക് മാത്രമായി സമർപ്പിച്ചിരിക്കുന്ന ഒരു ദ്വീപിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? ബാലിയിലെ കടലാമ ദ്വീപ് അഥവാ ടർട്ടിൽ ഐലൻഡ്
വംശനാശഭീഷണി നേരിടുന്ന ആമകളുടെ സംരക്ഷണത്തിനായി മാറ്റിവെച്ച ഇടമാണ്.
ബാലി തീരത്തോട് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ദ്വീപാണ് സെരംഗൻ ദ്വീപ് എന്നും അറിയപ്പെടുന്ന ടർട്ടിൽ ദ്വീപ്. കടൽത്തീരങ്ങളിൽ കൂടുകൂട്ടുന്ന വംശനാശഭീഷണി നേരിടുന്ന കടലാമകളെ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ടർട്ടിൽ ദ്വീപ് പ്രശസ്തമാണ്. ആമകളുടെ സംരക്ഷണ ശ്രമങ്ങളെക്കുറിച്ച് അറിയാനും അവയുമായി അടുത്ത് ഇടപഴുകാനും ആഗ്രഹിക്കുന്ന സഞ്ചാരികൾക്ക് രസകരമായ അനുഭവമായിരിക്കും ഇവിടം സമ്മാനിക്കുക.
തൻജുങ് ബെനോവ
വാട്ടർ സ്‌പോർട്സുകൾക്ക് പ്രശസ്തമാണ് ബാലിയിലെ ബീച്ചുകൾ.
ജെറ്റ് സ്കീയിംഗ്, ബനാന ബോട്ട് സവാരി, പാരാസെയിലിംഗ് തുടങ്ങി സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാര്യങ്ങൾ കാത്തിരിക്കുന്നുണ്ട്. ജലോപരിതലത്തിൽ നിന്നും താഴോട്ടു നോക്കിയാൽ അടിത്തട്ടു വരെ വ്യക്തമായി കാണാൻ സാധിക്കുന്ന കടൽ. നീണ്ടു നിവർന്നു കിടക്കുന്ന പഞ്ചാരമണൽ തീരങ്ങളും ആഴം കുറഞ്ഞ നീല കടലും നിങ്ങളുടെ ബാലി ദിനങ്ങളുടെ മനം കവരാൻ കാത്തിരിപ്പുണ്ട്. തൻജുങ് ബെനോവ അങ്ങനെ ഒരു ഇടമാണ്. അണ്ടർ വാട്ടർ സ്കൂബ ഡൈവിങിനും സർഫിങ്ങും കയാക്കിങിനും പേര് കേട്ട ഇടം. ബാലിയിലെ ജനപ്രിയ ബീച്ചുകളിൽ ഒന്ന്.
ബാലി വിവരണങ്ങൾ കേട്ട് ആവേശഭരിതരായോ നിങ്ങൾ?
എങ്കിൽ ബാഗ് പാക്ക് ചെയ്യുകയല്ലേ ബാലിയിലേക്ക്