ഭൂമിയിൽ മനുഷ്യൻ സ്പർശിക്കാത്ത ഒരിടമുണ്ടോ? ഉണ്ട്, രണ്ടു വലിയ രാജ്യത്തോളം പോന്ന മഞ്ഞുകാട്.
വന്യജീവികളും സസ്യങ്ങളും പ്രകൃതിദൃശ്യങ്ങളും കേടുകൂടാതെ അവശേഷിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംരക്ഷിത പ്രദേശമായ നോർത്ത് ഈസ്റ്റ് ഗ്രീൻലാൻഡ്.
മഞ്ഞുമൂടിയ വനമാണ് ഇത്. പേരു സൂചിപ്പിക്കുന്നതു പോലെ ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിലാണ് ഈ മേഖല. 1974ൽ ആണ് ഇവിടെ നാഷണൽ പാർക്ക് സ്ഥാപിക്കപ്പെടുന്നത്. 14 വർഷങ്ങൾക്കു ശേഷം അതിന്റെ ഇപ്പോഴത്തെ വലുപ്പമായ 3.75 ലക്ഷം ചതുരശ്ര മൈലുകളിലേക്ക് വിസ്തൃതി പ്രാപിച്ചു. ലോകത്തെ 30 രാജ്യങ്ങളെക്കാളും വിസ്തൃതിയുള്ളതാണ് ഈ ദേശീയോദ്യാനം. ഇവിടെ മനുഷ്യവാസം തീരെയില്ല. ലോകത്തിന്റെ ഏറ്റവും വടക്കേയറ്റത്തുള്ള ദേശീയോദ്യാനവും ഇതാണ്.
ഏതാനും കാലാവസ്ഥ ഗവേഷണ, സൈനിക സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ ഒഴികെ ഈ ദേശീയ ഉദ്യാനത്തിൽ മനുഷ്യവാസമില്ല.
ഡെൻമാർക് നാവികസേനയുടെ ഏറ്റവും എലീറ്റ് വിഭാഗമായ സിറിയസ് ഡോഗ് സ്ലെഡ് പട്രോളാണ് ഈ മേഖലയുടെ സംരക്ഷണച്ചുമതതലക്കാർ. ഇവിടെ കാര്യമായ കൊള്ളയടിയോ അക്രമസംഭവങ്ങളോ ഇല്ല. എന്നാൽ ഈ ദേശീയോദ്യാനത്തിലെ തീവ്രമായ കാലാവസ്ഥ തരണം ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാലാണ് ഏറ്റവും ഉന്നതമായ സേനാവിഭാഗത്തെ തന്നെ ഇവിടെ നിയമിച്ചിരിക്കുന്നത്. ബൃഹത്തായ ട്രെയിനിങ് നേടിയ ശേഷമാണ് ഇങ്ങോട്ടേക്കുള്ള റിക്രൂട്ടുകൾ എത്തുന്നത്.
നാഷണൽ പാർക്കിൻ്റെ തെക്കൻ അതിർത്തിയിൽ നിന്ന് ഏകദേശം 80 കിലോമീറ്റർ അകലെയുള്ള ഇട്ടോക്കോർടൂർമിറ്റിന് (സ്കോറെസ്ബൈസണ്ട്) അടുത്തുള്ള നെർലറിറ്റ് ഇനാത്ത് (കോൺസ്റ്റബിൾ പോയിൻ്റ്) ആണ് ഏറ്റവും അടുത്തുള്ള പൊതുജനങ്ങൾക്കായി തുറന്നിരിക്കുന്ന വിമാനത്താവളം.
കടൽവഴി കപ്പലിൽ വിനോദസഞ്ചാരികൾക്ക് ഇവിടം സന്ദർശിക്കാം. മോട്ടർവാഹനങ്ങൾ ഇതിനുള്ളിൽ നിരോധിച്ചിരിക്കുകയാണ്. നായ്ക്കളെ കെട്ടിയ സ്ലെഡ് വണ്ടികളിലാണ് ഇവിടത്തെ യാത്ര. ധ്രുവക്കരടികൾ, ആർട്ടിക് കുറുക്കൻമാർ, ഗ്രീൻലൻഡ് ചെന്നായ്ക്കൾ, വാൽറസ് തുടങ്ങിയ ഉത്തരധ്രുവ ജീവികളെ ഇവിടെ കാണാൻ സാധിക്കും.