അധിക ലഗേജ് വേണ്ട!
യാത്ര പോവുമ്പോള്‍ ഒരുപാടു പേര്‍ക്കു സംഭവിക്കുന്ന അബദ്ധമാണ് ആവശ്യത്തില്‍ കൂടുതല്‍ സാധനങ്ങള്‍ കൂടെ കൊണ്ടുപോവുകയെന്നത്. വലിയ രണ്ടോ മൂന്നോ ബാഗുകളുമായി നാടുകാണാനിറങ്ങുന്നതിലേറെ മണ്ടത്തരം വേറെയില്ല. കനം കുറഞ്ഞതും എളുപ്പം ഉണങ്ങുന്നതുമായ വസ്ത്രങ്ങള്‍ കരുതുക. പോവുന്ന ഓരോ ദിവസത്തേക്കും ഓരോ ജോഡി വസ്ത്രം വീതം കരുതേണ്ടതില്ല. അത്യാവശ്യം വന്നാല്‍ പോകുന്ന സ്ഥലത്തുനിന്നു വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധിക്കും. ഈ വസ്ത്രങ്ങള്‍ പിന്നീട് യാത്രയുടെ മനോഹരമായ ഓര്‍മയായി മാറാനും ഇടയുണ്ട്. ബാഗില്‍ ഓരോ സാധനം വയ്ക്കുമ്പോഴും അത് അത്യാവശ്യമാണോ എന്നു ഉറപ്പിക്കണം.
പ്ലാനിംഗ് പാളാതെ നോക്കണം
ഏതൊരു യാത്രയ്ക്കും കൃത്യമായ പ്ലാനിംഗ് അനാവശ്യ പ്രശ്നങ്ങളൊഴിവാക്കും. എന്നാല്‍ അധികമായാല്‍ മുന്നൊരുക്കവും തലവേദനയാവും. മാത്രമല്ല ഒരു യാത്രയും നമ്മള്‍ പ്ലാന്‍ ചെയ്യുന്നതു പോലെ അവസാനിക്കാറില്ലെന്ന കാര്യവും മനസ്സില്‍ വേണം. യാത്രകളില്‍ എല്ലാക്കാര്യവും ഒരാള്‍ക്കും പ്ലാന്‍ ചെയ്തു ചെയ്യാനാവില്ല.
അതുപോലെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സ്ഥലങ്ങള്‍ കാണാന്‍ ശ്രമിക്കുന്നതും നല്ലതല്ല എന്ന അനുഭവമാണ് തിരിച്ചെത്തിയ പല യാത്രികരും പങ്കുവെക്കാറുള്ളത്. ഓരോ പ്രദേശത്തെയും ഗ്രാമീണ ജീവിതവുമായി ഇടപെഴകുന്നത് ആ നാടിനെയും നാട്ടുകാരെയും അവിടുത്തെ രീതികളും പ്രത്യേകതകളുമൊക്കെ അടുത്തറിയാന്‍ സഹായിക്കുന്നു.
പുലിയെ അതിന്റെ മടയില്‍ പോയി കാണണം
പ്രകൃതിയോടു ചേര്‍ന്നു നില്‍ക്കുന്ന യാത്രകള്‍ പ്രത്യേക അനുഭവം സമ്മാനിക്കുന്നു. വന്യജീവികളെ അവരുടെ വാസസ്ഥലത്തു പോയി കാണുന്ന സഫാരികളും ആനയുടെയും കുതിരയുടെയും ഒട്ടകത്തിന്റെയുമൊക്കെ പുറത്തുകയറിയുള്ള യാത്രകളും കൂടെയുള്ളവര്‍ക്കും ആവേശം പകരും.
മനസ്സ് പറയും പോലെ കാര്യങ്ങള്‍
യാത്രകളില്‍ നമുക്കുണ്ടാവുന്ന ഉള്‍വിളികളെ ഒരിക്കലും കണക്കിലെടുക്കാതിരിക്കരുത്. തട്ടിപ്പു നടത്തുന്നവര്‍ എല്ലായിടത്തുമുണ്ടാകും. അടുത്തു നില്‍ക്കുന്നയാള്‍ അത്ര ശരിയല്ലെന്ന തോന്നലുണ്ടായാല്‍ അപ്പോള്‍ത്തന്നെ അവിടെനിന്നു മാറണം. അടുത്തുകൂടി ശല്യപ്പെടുത്തുന്ന ടാക്സിക്കാരനോടും മറ്റുള്ളവരോടും ചിരിച്ചുകൊണ്ടു നോ തന്നെ പറയാം. യാത്രയിലായാലും ജീവിതത്തിലായാലും ‘നോ’ പറയേണ്ടിടത്ത് നോ തന്നെ പറയണം. അത് നിങ്ങളെ വലിയ ആപത്തില്‍നിന്നു രക്ഷിക്കും.
ട്രാവല്‍ ഇന്‍ഷുറന്‍സ്
യാത്രകളെ ഇഷ്ടപ്പെടുന്ന, തുടര്‍ച്ചയായി യാത്ര ചെയ്യുന്നയാളാണ് നിങ്ങളെങ്കില്‍ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ മടിക്കരുത്. എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ നാട്ടിലേക്കു മടങ്ങാമെന്നാണ് പലരും കരുതുക. എല്ലായ്പ്പോഴും അങ്ങനെ സാധിക്കണമെന്നില്ല. ഏതു യാത്രയും സുരക്ഷയെ മുന്‍ നിര്‍ത്തിയുള്ളതാകണം.