അതിമനോഹരമായ പ്രകൃതി ദൃശ്യങ്ങളും രുചികരമായ പ്രാദേശിക വിഭവങ്ങളും സാഹസിക വിനോദങ്ങളും ആസ്വദിക്കാന്‍ കഴിയുന്ന വിയറ്റ്‌നാമാണ് 2023 ല്‍ ഏറ്റവും കൂടുതള്‍ ആളുകള്‍ തെരെഞ്ഞ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തെക്ക് ഹോചിമിന്‍, വടക്ക് തലസ്ഥാനമായ ഹനോയ്, മധ്യഭാഗത്തുള്ള ഡാ നാങ് എന്നിവയാണ് പ്രധാന നഗരങ്ങള്‍. കാപ്പി ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള രാജ്യം. ഇംഗ്ലീഷ് അക്ഷരമാലയിലെ എസ് പോലെയുള്ള ആകൃതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കാലാവസ്ഥ. 200 മീറ്ററിലധികം ഉയരവും 175 മീറ്റര്‍ വീതിയും 9.4 കിലോമീറ്റര്‍ നീളവുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഗുഹ ഹാങ് സണ്‍ ഡൂങ് ഗുഹ വിയറ്റ്‌നാമിലാണ്.
വൈവിധ്യങ്ങളുടെ നാടായ ഗോവയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. പശ്ചിമ ഘട്ട മലനിരകള്‍, നീല ജലാശയം, വെള്ളച്ചാട്ടം തുടങ്ങിയ അതിമനോഹര പ്രകൃതി സൗന്ദര്യം. ഓരോ കോണിലും വൈവിധ്യം നിറച്ച കാഴ്ചകളും മാസ്മരിക സൗന്ദര്യവും. ചരിത്രവും ഗതകാല സ്മരണകളും കാത്തു സൂക്ഷിക്കുകയാണ് ഓള്‍ഡ് ഗോവ. നൈറ്റ് ലൈഫും ബീച്ചും നോര്‍ത്ത് ഗോവയില്‍ അടിച്ചുപൊളിക്കാം. ഗോവയുടെ ഹൃദയമാണ് പനാജി. പ്രകൃതി രമണീയത, ഭക്ഷണം, ഷോപ്പിംഗ് തുടങ്ങി സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം മതിയാവോളം ആസ്വദിക്കാം. ശാന്തവും സമാധാനപരവുമായി സമയം ചെലവഴിക്കാന്‍ അനുയോജ്യമാണ് തെക്കന്‍ ഗോവ.
സഞ്ചാരപ്രിയര്‍ മൂന്നാമതായി തിരഞ്ഞ രാജ്യമാണ് ബാലി. ക്ഷേത്രങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ഇവിടേക്ക് വാസ്തു വിദ്യയും കൊത്തുപണികളും ചരിത്രവും പഠിക്കാനായി നിരവധിപേരാണ് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി എത്തുന്നത്. പ്രകൃതി രമണീയ സ്ഥലത്താണ് ബാലിയിലെ പുരാതന ആരാധനാലയങ്ങള്‍ നിലകൊള്ളുന്നത്. ബാലിക്കാരുടെ പ്രധാന ഉത്സവമാണ് ഗലുങ്ങന്‍ (galungan)
മനോഹരമായ ബീച്ചുകളും ആയിരത്തോളം വര്‍ഷം പഴക്കമുള്ള ബുദ്ധ ക്ഷേത്രങ്ങളും വൈവിധ്യമാര്‍ന്ന വന്യജീവി വനമേഖലകളും ആര്‍ക്കിയോളജി അത്ഭുതങ്ങളും ചേര്‍ന്ന ശ്രീലങ്കയാണ് ലിസ്റ്റില്‍ നാലാം സ്ഥാനത്ത്.സ്തൂപങ്ങളും ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍ക്കും പുറമെ നിരവധി സാഹസിക വിനോദങ്ങള്‍ക്കും രാജ്യം അവസരമൊരുക്കുന്നു. കടലിലെ സാഹസ വിനോദങ്ങള്‍, ഉദ്യാസ്തമയ കാഴ്ച്ചകള്‍, മനോഹരമായ തേയിലത്തോട്ടങ്ങള്‍, രുചിയേറിയ ശ്രീലങ്കന്‍ വിഭവങ്ങള്‍ എന്നിവ ഇവിടെയെത്തുന്ന സഞ്ചാരികളെ ഹരം കൊള്ളിക്കും. തദ്ദേശീയമായ സംസ്‌കാരങ്ങളും പാരമ്പര്യങ്ങളും ഇപ്പോഴും രാജ്യത്ത് നിലനില്‍ക്കുന്നു. ഈ ചെറു ദ്വീപ് രാഷ്ട്രത്തിലെ എട്ട് സ്ഥലങ്ങള്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്.
നീല ജലാശയവും, മരതക ദ്വീപുകളും, ബുദ്ധമത ക്ഷേത്രങ്ങളും, രുചി വൈവിധ്യങ്ങളുടെ സ്ട്രീറ്റ് ഫുഡും തുടങ്ങി രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ വ്യത്യസ്ത കാഴ്ചകള്‍ നിറയുന്ന തായ്‌ലന്‍ഡാണ് അഞ്ചാം സ്ഥാനത്ത്. കടല്‍ തീരവും മഴക്കാടുകളും പര്‍വതങ്ങളും സമന്വയിക്കുന്ന ഇവിടുത്തെ ഏറ്റവും വലിയ ദ്വീപാണ് ഫുക്കറ്റ്.
ചരിത്രമുറങ്ങുന്ന മതപരമായ സ്ഥലങ്ങള്‍ ഏറെയുണ്ട് ചിയാങ് റായില്‍. ചിയാങ് മായ് നൈറ്റ് ലൈഫ് തെരുവുകളില്‍ ഉത്സവാന്തരീക്ഷം നിറക്കും. സസ്യ ജന്തുജാലങ്ങളുടെ വൈവിധ്യമാണ് കാഞ്ചനബുരിയുടെ പ്രത്യേകത. പുസ്തകത്തിന്റെ പുറം ചട്ടപോലെ കളര്‍ഫുള്‍ ആണ് ക്രാബി ബീച്ച്.
ഏഷ്യയിലെ ഏറ്റവും വലിയ കടലോര വിനോദസഞ്ചാര കേന്ദങ്ങളിലൊന്നാണ് പട്ടായ. കോറല്‍ എന്ന പവിഴ ദ്വീപ് ഇവിടെയാണ്.
തായ്‌ലന്‍ഡിന്റെ വാണിജ്യ നഗരമായ ബാങ്കോക്കും ആവേശകരമായ യാത്രാനുഭവം സമ്മാനിക്കും. മരുഭൂമിയുടെ ഏകാന്തതയും കാടിന്റെ സാഹസികതയും സഫാരി പാര്‍ക്കില്‍ ആസ്വദിക്കാം. ഷോപ്പിങ് പറുദീസയാണ് ബാങ്കോങ് ചൈന ടൗണ്‍.
അരു വാലി മുതല്‍ കുങ്കുമ വയലുകള്‍ വരെ, സബര്‍വാന്‍ പര്‍വ്വത നിരകള്‍ മുതല്‍ ചഷ്‌മെ ഷാഹി വരെ, ബദാം വാരി മുതല്‍, ആപ്പിള്‍ ഗാര്‍ഡന്‍ വരെ മനോഹര കാഴ്ചകള്‍ നിറയുന്ന കാശ്മീരാണ് ലോക സഞ്ചാര ഭൂപടത്തില്‍ യാത്ര പ്രേമികള്‍ തിരഞ്ഞ ആറാമത്തെ ഡെസ്റ്റിനേഷന്‍. മഞ്ഞുമൂടിയ പര്‍വതങ്ങള്‍, മരങ്ങള്‍. ശ്രീ നഗറിലെ ദാല്‍ തടാകത്തിലെ സൂര്യോദയത്തിന്റെയും സൂര്യാസ്തമയത്തിന്റെയും അതിമനോഹര കാഴ്ച, സൗന്ദര്യത്തിന്റെ അവസാന വാക്കായ പെഹല്‍ഗാം. ജഹാംഗീര്‍ ചക്രവര്‍ത്തി തന്റെ പത്നി നൂര്‍ ജഹാന് വേണ്ടി പണിത ഷാലിമാര്‍ ഗാര്‍ഡന്‍, ഗുല്‍മാര്‍ഗ്. ഹിമാനിയില്‍ നിന്നും ഉത്ഭവിച്ച് താഴേക്കൊഴുകുന്ന അരുവികള്‍, ആരാധനാലയങ്ങള്‍, ചരിത്ര സ്മാരകങ്ങള്‍, സ്ട്രീറ്റ് ഫുഡ്, റെസ്റ്റോറന്റുകള്‍ തുടങ്ങിയവ ആകര്‍ഷണങ്ങളാണ്.
പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 1525 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കാര്‍ഷിക വിനോദസഞ്ചാര കേന്ദ്രമായ കൂര്‍ഗ് എന്ന കുടകാണ് ഏഴാം സ്ഥാനത്ത്. കാപ്പിത്തോട്ടങ്ങള്‍ക്കും തേയില തോട്ടങ്ങള്‍ക്കും പേരുകേട്ട കൂര്‍ഗ് വെള്ളച്ചാട്ടങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍, കോട്ടകള്‍ എന്നിവ പ്രശസ്തമാണ്. മഴക്കാലത്തും മഞ്ഞുകാലത്തുമാണ് കൂര്‍ഗില്‍ സഞ്ചാരികളുടെ പ്രവാഹമുണ്ടാകുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളാണ് ഇന്റര്‍നെറ്റ് സെര്‍ച്ചിംഗില്‍ എട്ടാം സ്ഥാനത്ത്. ബംഗാള്‍ ഉള്‍ക്കടലില്‍, ഇന്ത്യന്‍ മെയിന്‍ ലാന്റില്‍ നിന്നും 1200 കിലോ മീറ്റര്‍ അകലെയാണ് ദ്വീപ്. ആന്‍ഡമാന്‍ പഞ്ചാര മണല്‍ ബീച്ചുകളും, കണ്ടല്‍കാടുകളും, അപൂര്‍വ ജൈവവൈവിധ്യമുള്ള മഴക്കാടുകളുമാണ് ആകര്‍ഷണം.
കല, സാഹിത്യം, ചരിത്രം, സംസ്‌കാരം എന്നിവകൊണ്ടെല്ലാം വേറിട്ടു നില്‍ക്കുന്ന ഇറ്റലിയാണ് ഒന്‍പതാം സ്ഥാനത്ത്. വിനോദ സഞ്ചാരങ്ങളില്‍ ഏറ്റവും വളര്‍ന്ന രാജ്യം. റോം, ഫ്‌ളോറന്‍സ്, പിസ, മിലാന്‍, അസ്സിസ്സി, വെറോണ, ലേക്ക് കോമോ സോറെന്റോ, ഐല്‍ ഓഫ് കാപ്രി എന്നിവിടങ്ങളിലാണ് ഏറ്റവുമധികം സഞ്ചാരികള്‍ എത്തുന്നത്.
മനോഹരമായ തീരനഗരമാണ് അമാല്‍ഫി. മികച്ച മെഡിറ്ററേനിയന്‍ വിഭവങ്ങള്‍ ലഭ്യമാകുന്ന ഇടം. മനോഹരമായ ക്ലിഫ്‌സൈഡ് ഗ്രാമമായ പോസിറ്റാനോ അമാല്‍ഫി തീരത്താണ് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ അഞ്ചാമത്തെ വലിയ പള്ളിയും ഇറ്റലിയിലെ രണ്ടാമത്തെ വലിയ പള്ളിയുമാണ് മിലാന്‍ ഡ്യുമോ. റോം നഗര കാഴ്ചയില്‍ ടൈബര്‍ നദിക്കരയിലുള്ള സെന്റ് ആഞ്ചലോ പാലത്തിലൂടെ മികച്ച റോമന്‍ സൂര്യാസ്തമയം അനുഭവിക്കാം.
ലോകമെമ്പാടും ഒന്നായി കണക്കാക്കപ്പെടുന്ന ചരിത്രപരമായ നിധികളുടെ ഒരു സമ്പത്താണ് ടസ്‌കാനി. കനാലുകളുടെയും പ്രണയത്തിന്റെയും നഗരമാണ് വെനീസ്.
സഞ്ചാരപ്രേമികളുടെ ഡ്രീം ഡെസ്റ്റിനേഷനായ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ് ആണ് ലിസ്റ്റില്‍ പത്താമത്തെ രാജ്യം.
ഇറ്റലിയും, ഫ്രാന്‍സും, ജര്‍മനിയും, ഓസ്ട്രിയയും അതിരുപങ്കിടുന്ന കാലാവസ്ഥ കൊണ്ടും കാഴ്ചകളാലും യാത്ര പ്രേമികളെ ആകര്‍ഷിക്കുന്ന ഇടം. യൂറോപ്പിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമായ ഹൈന്‍ ഫോള്‍സ് വിസ്മയഭരിതമായ കാഴ്ചകളിലൊന്നാണ്.
WhatsApp us