ദസറ ഇന്ത്യയിലുടനീളം നിരവധി രീതികളിൽ ആഘോഷിക്കപ്പെടുന്നു. ഓരോ പ്രദേശത്തിനും അതിൻ്റേതായ പ്രത്യേക പാരമ്പര്യങ്ങളുണ്ട്.
കർണാടകയിലെ മൈസൂരിൽ, ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം തെരുവുകളിലൂടെ കൊണ്ടുപോകുന്ന ആനകളുടെ വലിയ ഘോഷയാത്രയോടെയാണ് ആഘോഷിക്കുന്നത്.
വർണങ്ങളുടെയും പ്രകാശത്തിന്റെയും ആഘോഷമാണ് ദസറ. മൈസൂരു കൊട്ടാരം ദീപാലങ്കാരത്തിൽ തിളങ്ങി നിൽക്കുന്ന കാഴ്ച കാണാൻ നാനാഭാഗങ്ങളിൽ നിന്നുമാണ് ആളുകൾ എത്തുന്നത്.
രാജകൊട്ടാരങ്ങളുടെ നഗരമായ മൈസൂരിൽ 10 ദിവസം ആഘോഷിക്കുന്ന ദസറ നഗരത്തിന്റെ രാജകീയ പൈതൃകത്തിന്റെ മഹത്വം വിളിച്ചോതുന്നു. വിശ്വാസമനുസരിച്ച്, മഹിഷാസുരനെ വധിച്ച ചാമുണ്ഡേശ്വരി ദേവിയുടെ വിജയവും തിന്മയുടെ മേൽ നന്മയുടെ വിജയവുമാണ് ആഘോഷത്തിന്റെ കാതൽ. ചാമുണ്ഡി കുന്നിലെ ചാമുണ്ഡേശ്വരി ദേവി എരുമയുടെ തലയുള്ള അസുരനായ മഹിഷാസുരനെ ഇവിടെ വച്ച് കൊന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. 1610ൽ വാഡിയാർ രാജാവാണ് ആഘോഷങ്ങൾ ആദ്യമായി ആരംഭിച്ചത്. 9 ദിവസങ്ങളിലും (നവരാത്രി) നവമിക്ക് ശേഷമാണ് വിജയദശമി ദിനത്തിലും നിരവധി ദേവതകളെ ആരാധിക്കുന്നു. ചാന്ദ്ര കലണ്ടർ അനുസരിച്ച് എല്ലാ വർഷവും ഒക്ടോബർ പകുതിയോടെയാണ് മൈസൂർ ദസറയുടെ തുടക്കം. ഈ സമയത്ത് ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ മൈസൂരിലെത്താറുണ്ട്.