വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി തായ്‌ലന്‍ഡ് ടൂറിസം ടാക്‌സ് നടപ്പാക്കുന്നു. 300 ബാത് അഥവാ 750 രൂപയാണ് ടൂറിസം ടാക്‌സ് ആയി ഈടാക്കുക.
വ്യോമമാര്‍ഗത്തില്‍ എത്തുന്ന സന്ദര്‍ശകരില്‍ നിന്ന് 300 ബാത് (750 ഇന്ത്യന്‍ രൂപ) ആയിരിക്കും നികുതിയായി ഈടാക്കുക. റോഡ് മാര്‍ഗവും കടല്‍മാര്‍ഗവും എത്തുന്നവരില്‍ നിന്ന് 150 ബാത് (380 ഇന്ത്യന്‍ രൂപ) ആയിരിക്കും ഈടാക്കുക. അതേസമയം രണ്ടു വയസിനു താഴെ പ്രായമുള്ള കുട്ടികളെ ഈ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രാന്‍സിറ്റ് യാത്രക്കാര്‍, ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍, വര്‍ക് പെര്‍മിറ്റുള്ള വ്യക്തികള്‍ എന്നിവരെയും വിനോദസഞ്ചാര നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
വിനോദസഞ്ചാര നികുതി കാലങ്ങളായി ഈടാക്കുന്ന വേറെയും രാജ്യങ്ങളും നഗരങ്ങളുമുണ്ട്. എഡിന്‍ബര്‍ഗ്, ബാഴ്‌സലോണ പോലെയുള്ള നഗരങ്ങള്‍ പ്രാദേശിക നികുതിയും നഗര സര്‍ചാര്‍ജും ഈടാക്കുന്നുണ്ട്. താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലവും സ്റ്റാര്‍ റേറ്റിങ്ങും നോക്കിയാണ് പാരിസ് ചാര്‍ജ് ഈടാക്കുന്നത്. ആഡംബര ഹോട്ടലുകളില്‍ താമസിക്കുന്നവരില്‍ നിന്ന് ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നത്. താമസിക്കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ ആഡംബരം അനുസരിച്ച് വെനീസിലും വിനോദസഞ്ചാര നികുതി ഈടാക്കുന്നു. ഓസ്ട്രിയയില്‍ രാത്രി താമസിക്കുന്നതിന് നികുതിയുണ്ട്. നഗരത്തെയും ഹോട്ടലിന്റെ വലുപ്പത്തെയും റേറ്റിംഗിനെയും ആശ്രയിച്ച് ബെല്‍ജിയത്തിന് വിനോദസഞ്ചാര നികുതിയുണ്ട്. ബ്രസ്സല്‍സില്‍ ഈ നികുതി ഒരു മുറിക്ക് 7.50 യൂറോ (ഏകദേശം 702 രൂപ) വരെയാകും. രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനായി 100 ഡോളര്‍ അഥവാ 8395 രൂപയാണ് ഭൂട്ടാന്‍ ഫീസായി ഈടാക്കുന്നത്. രാജ്യത്തിന്റെ പരിസ്ഥിതിയും സാംസ്‌കാരിക പൈതൃകവും കാത്തു സൂക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്.