ഒറ്റവിസയില്‍ കണ്ടു മടങ്ങാം അഞ്ചിലേറെ രാജ്യങ്ങള്‍!
ഷെന്‍ഗെന്‍ വിസ രീതിയിലേക്ക് തായ്ലന്ഡ് മാറാനുള്ള താല്പര്യം അയല്‍രാജ്യങ്ങള്‍ക്കു മുന്നില്‍ പ്രധാനമന്ത്രി സ്രേതാ തവിസ് പ്രകടിപ്പിച്ചത് ഏറെ ആവേശത്തോടുകൂടിയാണ് ലോകമമ്പൊടുമുള്ള സഞ്ചാരികള്‍ സ്വീകരിച്ചത്. കംബോഡിയ, ലാവോസ്, മലേഷ്യ, മ്യാന്മാര്, വിയറ്റ്നാം എന്നീ രാജ്യങ്ങളാണ് ഈ ആശയത്തിനൊപ്പം സഞ്ചരിക്കുന്നവര്‍. രാജ്യങ്ങള്‍ തമ്മില്‍ പദ്ധതിയുടെ ആദ്യ ഘട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ഈ രാജ്യങ്ങളിലെ ടൂറിസം രംഗത്തു പ്രവര്‍ത്തിക്കുന്നവരും വിനോദ സഞ്ചാരികളും ഏറെ ആകാംക്ഷയോടെയാണ് തായ്ലന്ഡ് മുന്നോട്ടു വച്ച നിര്‍ദേശത്തെ കാണുന്നത്. ഷെന്‍ഗെന്‍ രീതിയിലുള്ള വിസ സംവിധാനം കൊണ്ടുവരുന്നത് ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് ഗുണകരമാണ്. കാരണം തായ്ലന്ഡ് അടക്കമുള്ള ഈ രാജ്യങ്ങള്‍ ഇന്ത്യക്കാരുടെ പ്രധാന ലക്ഷ്യങ്ങളാണ്. മലയാളികള്‍ അടക്കം നിരവധി സഞ്ചാരികളാണ് ഓരോ വര്‍ഷവും ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത്. താരതമ്യേന ചെലവു കുറഞ്ഞ രാജ്യങ്ങളാണെന്നത് തന്നെയാണ് ഏവരെയും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കാണാന്‍ ആഗ്രഹിക്കുന്ന ഈ രാജ്യങ്ങളിലെല്ലാം ഒരൊറ്റ വിസയില്‍ പോയിവരാന്‍ കഴിയുന്നത് സഞ്ചരികള്‍ക്കും ആ രാജ്യങ്ങള്‍ക്കും ഒരുപോലെ ഗുണം ചെയ്യും. കൂടുതല്‍ ടൂറിസം വരുമാനം ലഭിക്കുമെന്നതിനാല്‍ തായ്ലന്ഡ് മുന്നോട്ടുവച്ച നിര്‍ദേശത്തിനോട് മറ്റ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിക്കാനാണ് സാധ്യത. നിലവില്‍ ഇന്ത്യക്കാര്‍ക്ക് വിസ ഓണ്‍ അറൈവല്‍, ഇ-വിസ സംവിധാനം തായ്ലന്ഡ് നല്‍കുന്നുണ്ട്. ലാവോസിലും വിസ ഓണ്‍ അറൈവല്‍ സംവിധാനം ഇന്ത്യക്കാര്‍ക്ക് ലഭ്യമാണ്.
എന്താണ് ഷെന്‍ഗെന്‍ വിസ
സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്, ഫ്രാന്‍സ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ തുടങ്ങി യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഒറ്റ വിസയില്‍ സന്ദര്‍ശിക്കാവുന്ന വിസ സൗകര്യമാണിത്. നിശ്ചിത കാലയളവില്‍ ഈ 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. അവിടങ്ങളില്‍ താമസിക്കാം. ആദ്യം ഏത് രാജ്യത്തേക്കാണോ പോകുന്നത് ആ രാജ്യത്തിന്റെ ഏംബസിയില്‍ വേണം വിസയ്ക്കായി അപേക്ഷിക്കാന്‍. ആ രാജ്യമാകും ഇത്രയും രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള ഒറ്റ വിസ അനുവദിക്കുക. പ്രത്യേകിച്ച് അതിര്‍ത്തിയൊന്നും തിരിച്ചിട്ടില്ലാത്ത നിരവധി യൂറോപ്യന്‍ രാജ്യങ്ങളിലൂടെ കുറഞ്ഞ ചെലവില്‍ സുഖയാത്ര ചെയ്യാന്‍ സഹായിക്കുന്നതാണ് ഷെന്‍ഗെന്‍ വിസ. 1985ല്‍ ഏഴു രാജ്യങ്ങളാണ് തുടക്കത്തില്‍ ഷെന്‍ഗെന്‍ വിസ ഉടമ്പടിയില്‍ ഒപ്പുവച്ചത്.