കൃത്യമായ പ്ലാനോട് കൂടി വേണം ഏതൊരു സഞ്ചാരിയും യാത്ര പുറപ്പെടാൻ. ഡൽഹിയിൽ ചുറ്റി തിരിഞ്ഞിട്ടും ഈ സ്ഥലങ്ങൾ കണ്ടിട്ടില്ലെങ്കിൽ നിങ്ങളുടെ യാത്ര ലക്ഷ്യം പൂർത്തിയായിട്ടില്ല. ഡെൽഹിയിൽ മിസ്സാക്കരുതേ ഈ പത്ത് സ്ഥലങ്ങൾ.
ഡൽഹിയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രയിടങ്ങളിലൊന്നാണ് ചെങ്കോട്ട. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച കോട്ട. കില ഇ മുഅല്ല എന്നായിരുന്നു ഇതിന്‍റെ പേര്. രാജ്യത്തെ സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നത് ഇവിടെയാണ്. എല്ലാ സ്വാതന്ത്ര്യ ദിനത്തിനും പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാനപ്രവേശനകവാടം. കോട്ടയുടെ കിഴക്ക് വശത്ത് കൂടി യമുന നദി ഒഴുകുന്നു. കാലമിത്ര കഴിഞ്ഞിട്ടും അതെ പ്രൗഢിയോടെ നില കൊള്ളുന്നു.
ഡൽഹിയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കാനെത്തുന്ന ഇടമാണ് ഇന്ത്യാ ഗേറ്റ്. ഡൽഹിയിലെ ചരിത്രസ്മാരകങ്ങളിൽ താരതമ്യേന പുതിയത്. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികർക്കുള്ള സമർപ്പണമായാണ് ഇത് നിർമ്മിച്ചത്. സർ എഡ്വിൻ ലൂട്ടിയൻസിന്‍റെയാണ് ഇതിന്‍റെ രൂപകല്പന.
ഡൽഹിയിൽ നിശ്ചയമായും സന്ദർശിക്കേണ്ട മറ്റൊരു പ്രധാന സ്ഥലമാണ് അക്ഷർധാം ക്ഷേത്രം. സ്വാമിനാരായൺ അക്ഷർധാം മന്ദിർ എന്ന ഈ ക്ഷേത്രം വളരെയേറെ പ്രത്യേകതകളോട് കൂടിയാണ് നിർമ്മിച്ചിരിക്കുന്നത്. ഡൽഹിയിലെ ഗെയിംസ് വില്ലേജിന് സമീപമാണ് അക്ഷർധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ കുറഞ്ഞത് പതിനായിരം പേരെങ്കിലും ഒരു ദിവസം സന്ദർശനം നടത്തുന്നുണ്ടെന്നാണ് കണക്ക്.
ഡൽഹിയില ഏറ്റവും സമ്പന്നമായ നഗര തിരക്കുകൾക്കിടയിൽ തല ഉയർത്തിപിടിച്ചു നിൽക്കുന്ന ഒരു പൈതൃക കേന്ദ്രമാണ് ചാന്ദിനി ചൗക്കിൽ സ്ഥിതി ചെയ്യുന്ന ജമാ മസ്ജിദ്. പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. 1644 നും 1956 നും ഇടയില്‍ മുഗള്‍ രാജാവായിരുന്ന ഷാജഹാനാണ് ജുമാ മസ്ജിദ് പണി കഴിപ്പിച്ചത്. ഇന്നത്തെ പുരാനാ ഡൽഹിയുടെ ഭാഗമായാണ് ഇവിടമുള്ളത്.
ബഹായ് ആരാധനാ കേന്ദ്രമായ ലോട്ടസ് ടെംപിൾ ഡൽഹിയിലെ ഏറ്റവും വൈവിധ്യം നിറഞ്ഞ നിർമ്മിതികളിലൊന്നാണ്. പ്രശസ്തമായ ഇസ്‌കോൺ ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ലോട്ടസ് ടെമ്പിളിന് താമര പോലെ 27 സങ്കീർണ്ണമായ കൊത്തുപണികളുള്ള മാർബിൾ ദളങ്ങൾ കാണാം.
ഡൽഹിയിലെ ഏറ്റവും പ്രസിദ്ധമായ സിക്ക് ആരാധനാ കേന്ദ്രമാണ് ഗുരുദ്വാര ബംഗ്ലാ സാഹിബ്. അമൃത്സറിലെ സുവർണ്ണ ക്ഷേത്രം പോലെ തന്നെ ഇവിടുത്തെ കുളവും സ്വർണ്ണ താഴികക്കുടവും പ്രസിദ്ധമാണ്. ലംഗർ എന്നറിയപ്പെടുന്ന കൂറ്റൻ കമ്മ്യൂണിറ്റി കിച്ചൺ കൂടി ഇവിടെയുണ്ട്.
ഡല്‍ഹിയിലെ എണ്ണം പറഞ്ഞ ചരിത്ര നിർമ്മിതികളിലൊന്നാണ് ഹുമയൂണിന്‍റെ ശവകുടീരം. മുഗൾ ചക്രവർത്തിയായ ഹുമയൂണിന്‍റെ മരണത്തിന് ഒമ്പത് വർഷത്തിന് ശേഷം 1565-ൽ അദ്ദേഹത്തിന്‍റെ ഭാര്യയായ ബേഗാ ബീഗം ആണ് ഇത് നിർമ്മിച്ചത്. യുനസ്കോ പൈതൃക ലക്ഷ്യസ്ഥാനമായ ഇവിടെ ശവകുടീരത്തിന് ചുറ്റുമായി നാല് ചതുരാകൃതിയിലുള്ള പൂന്തോട്ടങ്ങളും ജല ചാലുകളും കേന്ദ്ര ശവകുടീരവും ഉണ്ട്. പല തരത്തിൽ ആഗ്രയിലെ താജ്മഹലിനോട് ഇതിന് സാമ്യമുണ്ട്.
ഡൽഹിയിൽ കാണാൻ സാധിക്കുന്ന അത്ഭുത നിർമ്മിതികളിലൊന്നാണ് കുത്തബ് മിനാർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇഷ്ടിക ഗോപുരമാണിത്. ഇന്ന് ഡൽഹിയിൽ മാത്രമല്ല, ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ചരിത്ര സ്മാരകം കൂടിയാണ് ഇത്.
ജ്യാമിതീയ രൂപങ്ങൾ ഉൾക്കൊള്ളുന്ന അതി മനോഹര നിർമ്മിതി. സൂര്യന്‍റെയും മറ്റ് ആകാശ വസ്തുക്കളുടെയും സ്ഥാനങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു. 1724 ലാണ് ജന്തർ മന്തറിന്‍റെ നിർമ്മാണം നടന്നത്.
ഇന്ത്യയിലെ ഡൽഹിയിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ മാർക്കറ്റുകളിലൊന്നാണ് ചാന്ദ്‌നി ചൗക്ക്. തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ മാർക്കറ്റുകളിലൊന്നാണിത്. ഏതു തരത്തിലുള്ള സാധനങ്ങളും ഇവിടെ നിന്ന് വാങ്ങാൻ സാധിക്കും. ചെങ്കോട്ട സ്ഥാപിച്ച സമയം മുതൽ തന്നെ ഈ ചാന്ദ്‌നി ചൗക്കും ഇവിടെയുണ്ട്.
WhatsApp us