Welcome to Royal Sky Holidays
Welcome to Royal Sky Holidays

ബഡ്ജറ്റ് ഫ്രണ്ട്‌ലി യാത്രയുടെ പെര്‍ഫെക്ട് ഡെസ്റ്റിനേഷന്‍ – ബാലി

യാത്രകളെ സ്‌നേഹിക്കുന്ന ആരും ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന ചെറു ദ്വീപുണ്ട്. ദൈവങ്ങളുടെ ദ്വീപ് എന്നറിയപ്പെടുന്ന ബാലി. പ്രമുഖ സഞ്ചാര സാഹിത്യകാരനായിരുന്ന എസ്.കെ പൊറ്റക്കാട് എഴുതിയ ബാലി ദ്വീപ് എന്ന യാത്ര വിവരണത്തിലൂടെ മലയാളികളുടെ മനസ്സില്‍ പതിഞ്ഞ സുന്ദരഭൂമി. ചിത്രങ്ങളിലൂടെ പരിചയിച്ച ഇവിടുത്തെ സ്ഥലങ്ങള്‍ നേരിട്ടറിയണമെന്ന് ആഗ്രഹിക്കാത്തവര്‍ വിരളം. പ്രകൃതി സൗന്ദര്യം മാത്രമല്ല ആളുകളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. സമ്പന്നമായ സംസ്‌കാരവും,വ്യത്യസ്തമായ രുചികളും നിഷ്‌കളങ്കമായ പെരുമാറ്റവുമൊക്കെ ബാലിയുടെ പ്രത്യേകതയാണ്.

ഹൈന്ദവ വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും മുറുകെ പിടിക്കുന്ന ജനത. കടലും മലയും കാടും അതിരിടുന്ന ഭൂപ്രകൃതി. കടലിനോട് ചേര്‍ന്നുള്ള ഡെന്‍സ്പസര്‍ വിമാനത്താവളത്തിലേക്ക് പറന്നിറങ്ങിയപ്പോള്‍ തന്നെ മനസ്സ് നിറഞ്ഞു. അത്രയ്ക്ക് മനോഹരമായ കാഴ്ച അനുഭവത്തിലൂടെയാണ് വിമാനം ലാന്‍ഡ് ചെയ്തത്.

പുറത്തെ ഓരോ കോണിലെയും കാഴ്ചകള്‍ അതിമനോഹരം. വൃത്തിയുള്ള ചുറ്റുപാട്. ചെറുതും വലുതുമായ നിരവധി കച്ചവട സ്ഥാപനങ്ങള്‍. ടൂറിസം രംഗത്ത് വലിയ വളര്‍ച്ച ലക്ഷ്യമിട്ട് നടപ്പാക്കുന്ന പല പദ്ധതികളും അഭിനന്ദനാര്‍ഹമാണ്. നിര്‍മിതികള്‍ക്കെല്ലാം ഒരു ഇന്തോ- ചൈനീസ് ചാരുത. അലങ്കാരത്തിന് യൂറോപ്യന്‍ ശൈലി അനുകരിച്ചവരും കുറവല്ല. ഒട്ടു മിക്ക വീടുകളോടും ചേര്‍ന്ന് ക്ഷേത്രങ്ങളുണ്ട്. ഭൂരിഭാഗം കുടുംബക്ഷേത്രങ്ങളാണ്.

തുടര്‍ന്നുള്ള യാത്രകളിലും പലയിടങ്ങളിലായി രാമായണത്തിലെയും മഹാഭാരത്തിലെയും ചരിത്ര സംഭവങ്ങളെ കോര്‍ത്തിണക്കിയുള്ള പ്രതിമകളും വലിയ രീതിയില്‍ ഛായ ചിത്രങ്ങളും കണ്ടു. ശില്‍പകല, വാസ്തുവിദ്യ, കലാരൂപങ്ങള്‍, എന്നിവയെ അടുത്തറിയുന്നതിനുള്ള മികച്ച അവസരം കൂടി ഈ യാത്ര സമ്മാനിക്കുന്നുണ്ട്. വര്‍ഷം മുഴുവന്‍ സുഖകരമായ കാലാവസ്ഥയാണെങ്കിലും മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയാണ് ടൂറിസ്റ്റ് സീസണ്‍.

കുട്ട എന്ന കടല്‍ത്തീര വിനോദ സഞ്ചാരകേന്ദ്രത്തിലേക്കായിരുന്നു ആദ്യ യാത്ര. വിശാലമായ കടല്‍ത്തീരമുള്ള ബീച്ചില്‍ സര്‍ഫിങ്, പാരാസെയിലിങ് തുടങ്ങിയ സാഹസികവിനോദങ്ങള്‍ക്കും സൗകര്യമുണ്ട്.

കുട്ട പ്രദേശത്ത് നിന്നും അധികദൂരമില്ല പാണ്ഡവ ബീച്ചിലേക്ക്. പഞ്ചപാണ്ഡവരുടെ സ്മരണാര്‍ഥമാണ് കടല്‍ത്തീരത്തിന് ആ പേര് ലഭിച്ചത്. പാണ്ഡവരുടെ പ്രതിഷ്ഠകളും പ്രദേശത്ത് കാണാം.

പക്ഷികളെയും മൃഗങ്ങളെയും അതിന്റെ ആവാസവ്യവസ്ഥയില്‍ പ്രദര്‍ശിപ്പിക്കുന്ന വളരെ വ്യത്യസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ബാലിബേര്‍ഡ് പാര്‍ക്ക്. തായ്‌ലന്‍ഡിലേതു പോലെ ഇവിടെയും പക്ഷിമൃഗാദികള്‍ ഇണക്കത്തോടെ ഇടപഴകും. ഫോട്ടോ പോയിന്റുകളില്‍ ഇവയുമൊത്ത് മനോഹരമായി പോസ് ചെയ്യാം. ബാടുബുലാനില്‍ അഞ്ചേക്കറോളം സ്ഥലത്താണ് പാര്‍ക്ക് സ്ഥിതിചെയ്യുന്നത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി കടല്‍ക്ഷേത്രങ്ങളുണ്ട് ബാലിയില്‍. ക്ഷേത്രങ്ങളുടെ അടിത്തട്ടില്‍ വസിക്കുന്ന വിഷപ്പാമ്പുകള്‍ ശത്രുക്കളില്‍ നിന്നും ദ്വീപിനെ സംരക്ഷിക്കുന്നു എന്നാണ് വിശ്വാസം. കടലിന് അഭിമുഖമായി 70 മീറ്ററോളം ഉയരത്തിലാണ് 11 ാം നൂറ്റാണ്ടില്‍ നിര്‍മിച്ച ഉലുവാറ്റു ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുള്ള കടലിന്റെ വിശാലമായ കാഴ്ചകള്‍ അതിമനോഹരമാണ്. ഉലുവാറ്റു ക്ഷേത്രത്തിന് സമീപമാണ് പതങ് പതാങ് ബീച്ച്. ചുണ്ണാമ്പുകല്ലില്‍ വെട്ടിയെടുത്ത ഒരു ഗുഹയിലൂടെയാണ് ബീച്ചിലേക്ക് എത്താനാകുക.

കടലിന്റെ വേലിയേറ്റത്തിലും വേലിയിറക്കത്തിലും രൂപപ്പെട്ട നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാറയില്‍ നിര്‍മ്മിച്ച ക്ഷേത്രമാണ് തനാലോട്ട് ക്ഷേത്രം. ദിവസങ്ങള്‍ പിന്നിട്ട യാത്ര ചെന്നെത്തിയത് ബാലിയുടെ ഉള്‍പ്രദേശമായ ഉബുഡിലേക്കാണ്. പച്ചപ്പാണ് ചുറ്റും. തെഗനുംഗാന്‍ വെള്ളച്ചാട്ടമാണ് പ്രദേശത്തെ മറ്റൊരു ആകര്‍ഷണം. സഞ്ചാരികള്‍ക്ക് ഇറങ്ങി ചെന്ന് വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം.

ബാലിയില്‍ എത്തിയിട്ട് മസാജ് പാര്‍ലര്‍ സന്ദര്‍ശിക്കാതെ പോകുന്നത് നഷ്ടമാണ്. ബലനീസ് മസാജിന്റെ ജന്മദേശം തന്നെ ബാലിയാണല്ലോ.ഇരുട്ട് വീഴുന്നതോടെ പ്രദേശമാകെ വൈവിധ്യ വര്‍ണവിളക്കുകളാല്‍ പ്രകാശമയമാകും. ഡാന്‍സ് ബാറുകളും, പബ്ബുകളും, സംഗീത നിശകളും, ഉണരും. വാക്കുകള്‍പ്പുറം ബാലി ഒരു വിസ്മയ ലോകമാകുന്നത് അനുഭവിച്ചറിയണം. ബഡ്ജറ്റ് ഫ്രണ്ട്‌ലി യാത്രയ്ക്കുള്ള പെര്‍ഫെക്ട് ഡെസ്റ്റിനേഷന്‍. ബാലി എന്ന മനോഹരമായ ദ്വീപിലേക്കുള്ള അവിസ്മരണീയ അനുഭവമാക്കി മാറ്റാന്‍ ഞങ്ങള്‍ നിങ്ങളെ സഹായിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി റോയല്‍സ്‌കൈ ഹോളിഡെയ്‌സുമായി ബന്ധപ്പെടുക.

Leave a Reply